ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: സംസ്ഥാനത്തെ ജയിലുകളിൽ ജയിൽപുള്ളികൾക്കുകിടക്കാൻ ഇടമില്ല. നിന്നുതിരിയാൻ ഇടയില്ലാത്ത അവസ്ഥയിൽ ജയിലുകളിൽ ജയിൽപുള്ളികളെ കൊണ്ടു നിറഞ്ഞു. ശബരിമല പ്രശ്നത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ച കേസിലുള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു ജയിലിലേക്കു മാറ്റുന്പോൾ ഇനിയും പ്രശ്നം രൂക്ഷമാക്കും. നിലവിൽ രണ്ടായിരത്തിലധികം പേരെ അറസ്റ്റുചെയ്തു കഴിഞ്ഞു.
നൂറിലധികം പേർ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരാണ്. ജാമ്യം കിട്ടണമെങ്കിൽ 13 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടതു കൊണ്ടു ആരും പുറത്തിറങ്ങാനുള്ള സാധ്യതയില്ല.സംസ്ഥാനത്തെ ജയിലുകളിൽ പുരുഷൻമാരെ പാർപ്പിക്കുന്ന സെല്ലുകളിലാണ് ഉൾക്കൊള്ളാവുന്ന പരമാവധി എണ്ണത്തിലും കൂടുതൽ ആളുകൾ ഉള്ളത്. കേരളത്തിൽ നിലവിലുള്ള 54 ജയിലുകളിലായി പാർപ്പിക്കാവുന്ന ജയിൽപുള്ളികളുടെ എണ്ണം 6190 പേരെയാണ്.
ഇതിൽ 5773 പുരുഷൻമാരും 417 സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ, ജയിലിലെ കണക്കുപ്രകാരം 7325 പേരെ പാർപ്പിച്ചിട്ടുണ്ട്. ജില്ലാ ജയിലുകളെന്നോ സെൻട്രൽ ജയിലുകളെന്നോ വ്യത്യാസമില്ലാതെ ഇതാണ് അവസ്ഥ. പൂജപ്പുര സെൻട്രൽ ജയിലിൽ 727 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്.
പക്ഷേ 1300 തടവുകാരുണ്ടെന്നാണ് കണക്ക്. വിയ്യൂരിലാവട്ടെ 520 പേർക്കു സൗകര്യമുള്ളിടത്ത് 841 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ 840 പേർക്കുള്ള സൗകര്യമേ ഉള്ളൂ. പക്ഷേ തടവുകാർ 1130 പേരുണ്ട്. ജില്ലജയിലുകളുടെ ശേഷി 1467 പേരെ പാർപ്പിക്കുകയാണെങ്കിൽ അവിടെ 1649 പേരുണ്ട്. സബ് ജയിലിൽ 786 പേരും സെപ്ഷൽ ജയിലുകളിൽ 1314 പേരുമുണ്ട്.
സംസ്ഥാനത്തു മൂന്നു സെൻട്രൽ ജയിലുകൾ, ജില്ല ജയിലുകൾ 11, സബ് ജയിലുകൾ 16, വനിത ജയിൽ മൂന്ന്, ദുർഗുണ പരിഹാരപാഠശാല ഒന്ന്, തുറന്ന ജയിൽ മൂന്ന്, സെപ്ഷൽ ജയിൽ 16, മറ്റുള്ളവ ഒന്ന് അങ്ങനെ 54 ജയിലുകളുണ്ട്. ഒരു തടവുകാരന് 40 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള സ്ഥലം ഉണ്ടായിരിക്കണമെന്നാണ് ജയിൽ നിയമം പറയുന്നത്.
എന്നാൽ, കുറ്റവാളികളുടെ എണ്ണം കൂടിയതോടെ ഈ കണക്കൊന്നും പാലിക്കപ്പെടുന്നില്ല. സമയത്തിനു കുറ്റവാളികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതും തടവുപുള്ളികളുടെ എണ്ണം വർധിക്കുന്നതിനു കാരണമാണ്. ചുരുങ്ങിയ സ്ഥലത്ത് ആളുകളെ കുത്തിനിറച്ച് പാർപ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇതിനോടകം ഇക്കാര്യം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല.