കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്.
പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു.
പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്.
കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മത്സ്യ സംസ്കരണ കമ്പനിയില്‍ ജോലി തീരാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ അസമയത്തു കൂട്ടിക്കൊണ്ടുപോയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് അന്നു നിശ്ശബ്ദയാക്കിയതെന്നും മൊഴിയുണ്ട്.
തോപ്പുംപടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഡിഎന്‍എ പരിശോധനയ്ക്കു പൊലീസ് ശ്രമിച്ചിരുന്നു. നിയമപ്രകാരം കോടതി മുന്‍പാകെ പ്രതി സമ്മതപത്രം നല്കാതിരുന്നതിനാല് പരിശോധന നടന്നില്ല.
കുറ്റപത്രത്തില്‍ പീഡനക്കുറ്റം ചുമത്താതിരുന്നതാണു പ്രതിക്കു സഹായകരമായത്. പീഡനക്കേസുകളില്‍ കുറ്റം തെളിയിക്കാനായി ഡിഎന്‍എ പരിശോധന നടത്താന്‍ പ്രതിയുടെ സമ്മതം അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമില്ല. 2008 ഒക്ടോബറിലാണ് യുവാവ് കൊല്ലപ്പെട്ടത്. അന്നു കേസന്വേഷണത്തിനു നേതൃത്വം നല്കിയ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതിയുടെ അടുത്ത ബന്ധുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പ്രതിയുടെ നിര്‍ദേശപ്രകാരം യുവാവിനെ സംസ്ഥാനത്തിനു പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കൂട്ടാളി, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിലെ പ്രതിയാണ്. എന്തായാലും പീഡനവാര്‍ത്ത പുറത്തുവന്നതോടെ പ്രതിയ്ക്കെതിരായ കുരുക്ക് മുറുകുമെന്നുറപ്പ്.