കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരരംഗത്തേക്ക്. കണ്ണൂർ, അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിലാണു സമരം സംഘടിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. കോർപറേഷനിൽ യുഡിഎഫ് കൗൺസിലർമാരും കോർപറേഷനു പുറത്ത് യുഡിഎഫ് പ്രവർത്തകരും പ്രക്ഷോഭം നടത്തും.
വരുംദിവസങ്ങളിൽ കൗൺസിൽ യോഗങ്ങൾ അടക്കമുള്ളവ തടസപ്പെടും. നിലവിൽ കോൺഗ്രസ് വിമതന്റെ സഹകരണത്തോടെയാണ് എൽഡിഎഫ് കോർപറേഷൻ ഭരിക്കുന്നത്. ഡപ്യൂട്ടി മേയറായ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിനെ കൂടെനിർത്തി കോർപറേഷൻ ഭരണം പിടിച്ചടക്കണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ലീഗും കോൺഗ്രസും തമ്മിൽ കോർപറേഷൻ ഭരണകാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. ഒടുവിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുകയായിരുന്നു. ഇതിനിടെയാണ് വാട്സ്ആപ്പ് രൂപത്തിൽ കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് ഒരായുധം കിട്ടിയത്.