തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇടതു സർക്കാർ അധികാരത്തിലിരിക്കുന്നത് ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ലെന്ന് അമിത് ഷാ ഓർക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലാണ് സർക്കാർ ഭരിക്കുന്നത്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് ഷാ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ ജനാധിപത്യ വിശ്വാസികളാകെ ശബ്ദമുയർത്തണം. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
നടപ്പാക്കാൻ കഴിയുന്ന വിധി മാത്രം കോടതി പറഞ്ഞാൽ മതിയെന്ന ഷായുടെ പ്രസ്താവന ഭരണഘടന നൽകുന്ന അവകാശങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നൽകുന്നത്. ഇത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും യഥാർഥ ഉള്ളിലിരിപ്പാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.