സർക്കാർ സിനിമയുടെ ട്രെയിലറും മറ്റും യുട്യൂബിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്പോഴും ചിത്രം വിവാദ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. സഹസംവിധായകനായ വരുണിന്റെ കഥ മുരുഗദോസ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ വരുൺ പരാതി നൽകിയിട്ടുണ്ട്.
2007 ൽ റൈറ്റേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത സെൻഗോൾ എന്ന കഥയാണ് മുരുഗദോസ് കോപ്പിയടിച്ച് സർക്കാരാക്കി സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് പരാതി. നിർമാതാവും സംവിധായകനും നടനുമായ വിജയ്യുടെ പിതാവ് ചന്ദ്രശേഖറിനോട് താൻ ഫോണിലൂടെ കഥ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്.
പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ ദീപാവലി റിലീസായി നവംബറിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുകയില്ല. ഈ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് വരുണുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.