മനുഷ്യചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖകളിലൊന്നായ മാഗ്ന കാർട്ട മോഷ്ടിക്കാൻ ശ്രമം. ബ്രിട്ടനിലെ സാലിസ്ബറി കത്തീഡ്രലിൽ രേഖ സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട് ചുറ്റികകൊണ്ടു തകർക്കാൻ ശ്രമം നടത്തിയ നാല്പത്തഞ്ചുകാരനെ സമീത്തുണ്ടായിരുന്നവർ പിടികൂടി പോലീസിനു കൈമാറി.
മാഗ്ന കാർട്ടയുടെ നാലു കയ്യെഴുത്തുപ്രതികളിൽ ഏറ്റവും മികച്ചതാണ് സാലിസ്ബറി കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നത്. മോഷണശ്രമത്തിൽ ചില്ലുകൂടിനു തകരാറുണ്ടായെങ്കിലും രേഖയ്ക്ക് കുഴപ്പമില്ല. ആർക്കും പരിക്കുമില്ല.
മാഗ്ന കാർട്ട
1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവും പൗരന്മാരും തമ്മിൽ ഒപ്പുവച്ച സമാധാനരേഖയാണിത്. മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ ഏറ്റവും പ്രധാന രേഖയായി ഇതിനെ പരിഗണിക്കുന്നു. മാഗ്ന കാർട്ട എന്ന ലത്തീൻ വാക്കിന്റെ അർഥം മഹത്തായ അവകാശപത്രം എന്നാണ്.
രാജാവിന്റെ അധികാരത്തിനു പരിധി നിശ്ചയിക്കപ്പെട്ടു എന്നതാണ് രേഖയുടെ പ്രാധാന്യം. രാജാവ് അടക്കം എല്ലാവരും നിയമത്തിനു കീഴ്പ്പെട്ടവരാണ്. എല്ലാ സ്വതന്ത്ര പൗരന്മാർക്കും സുതാര്യമായ വിചാരണയ്ക്ക് അവകാശമുണ്ട്. നിഷ്ഠുര ഭരണാധികാരിയായിരുന്ന ജോൺ രാജാവിന്റെ കൊള്ളരുതായ്മകളാണ്, മാഗ്ന കാർട്ടയിലെ 63 വകുപ്പുകളിൽ ഭൂരിഭാഗത്തിലും പ്രതിപാദിക്കുന്നത്.