പൊന്‍കുന്നം: പൊന്‍കുന്നം ബസ്സ്റ്റാന്‍ഡില്‍ കോട്ടയത്തുനിന്നു കട്ടപ്പനയ്ക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ് എത്തിയപ്പോള്‍ ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നതു കണ്ടാണ് യാത്രക്കാര്‍ ഇടപെട്ടത്.
പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി തന്റെ വല്യമ്മയുടെയും കൊച്ചനുജന്റെയും കൂടെയുമായിരുന്നു യാത്ര ചെയ്തിരുന്നത്. തിങ്ങി നിറഞ്ഞു യാത്രക്കാര്‍ ഉണ്ടായിരുന്ന ബസില്‍ പെണ്‍കുട്ടിയുടെ പിറകില്‍നിന്നിരുന്ന ഒരാള്‍ തിരിക്കിനിടയില്‍ ആരും കാണാതെ പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
തന്നെ ശല്യം ചെയ്യരുതെന്നു പെണ്‍കുട്ടി അയാളോടു പലവട്ടം പറഞ്ഞുവെങ്കിലും അതു വകവയ്ക്കാതെ ഉപദ്രവം തുടർന്നു. നിവൃത്തിയില്ലാതെ കരയുവാന്‍ മാത്രമേ ആ കുട്ടിക്ക് സാധിച്ചുള്ളു. പൊന്‍കുന്നം സ്റ്റാന്‍ഡില്‍ ബസ്സ് എത്തിയപ്പോള്‍ പെണ്‍കുട്ടി കരയുന്നതിന്റെ കാര്യം അന്വേഷിച്ച യാതക്കാരോടു പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ വിവരിച്ചു. യാത്രക്കാര്‍ പ്രതി ഇറങ്ങി ഓടാതിരിക്കാന്‍ ഉടന്‍തന്നെ ബസിന്റെ വാതില്‍ അടച്ചശേഷം ബസിനുള്ളിലുണ്ടായിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടി.
തുടർന്നു യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡില്‍ ഡ്യൂട്ടിലുണ്ടായിരുന്ന ഹോംഗാർഡിനെ വിവരം അറിയിച്ചു. അദ്ദേഹം പെണ്‍കുട്ടിയോട് സംഭവത്തില്‍ പരാതിയുണ്ടോയെന്ന് അന്വേഷിച്ചു. തനിക്കു പരാതി ഉണ്ടെന്നു ധൈര്യസമേതം പെണ്‍കുട്ടി പറഞ്ഞതോടെ ഹോംഗാര്‍ഡ് പോലീസിനെ വിളിച്ചു വരുത്തി പ്രതിയെ പോലീസില്‍ ഏല്പിക്കുകയായിരുന്നു. ചോറ്റി സ്വദേശി റഷീദ് (44) ലാണ് പിടിയിലായത്. മദ്യപിച്ച നിലയിലായിരുന്ന ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.