തലശേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പാനൂര്‍ തൂവക്കുന്ന് പുത്തൂര്‍ മുക്കുന്ന് ഹൗസില്‍ അജ്മലിനെ (23)യാണ് തലശേരി ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ദമ്പതികള്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമിട്ട് ഗൃഹനാഥന് പ്രഭാതസവാരിക്കിറങ്ങുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. .
കൊയിലാണ്ടിയില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും അജ്മല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തലശേരി മുകുന്ദ മല്ലര്‍ റോഡില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയെ വീട്ടമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പിന്തുടര്ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പിടിയിലായ അജ്മലിന്റെ കൈയില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊയിലാണ്ടിയില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ചത് ഇയാളാണെന്നു വ്യക്തമായത്
കൊയിലാണ്ടിയിൽ ഭര്‍ത്താവ് പ്രഭാതസവാരിക്കിറങ്ങിയ തക്കംനോക്കി വീട്ടില്‍ കയറിയ പ്രതി ബെഡ് റൂമില്‍ കിടക്കുകയായിരുന്ന ബാങ്ക് ഉദ്യോസ്ഥയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്തുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ വീട്ടമ്മ പ്രതിയുടെ കൈവിരലില്‍ കടിച്ചതോടെ പ്രതി അവിടെയുണ്ടായിരുന്ന മൊബൈലും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടേക്ക് പോകുകയും അവിടെനിന്ന് തലശേരിയിലെത്തി സമാനരീതിയില്‍ പുലര്‍ച്ചെ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതിയുടെ കൈയില്‍ കടിയേറ്റ പാടുള്ളതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്കുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.