തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുംമുമ്പേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അവിടെ ഇറങ്ങാൻ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐ അന്വേഷിക്കുന്ന ലാവ്ലിൻ കേസ് ഉപയോഗിച്ചാണ് ബിജെപിയും കേന്ദ്രസർക്കാരും പിണറായിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്.
മുഖ്യമന്ത്രി അധികാരമേറ്റനാൾ തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളം ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുത്തത്. യുദ്ധംപോലുള്ള അസാധാരണ സാഹചര്യങ്ങളിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇങ്ങനെ എന്തു സാഹചര്യമാണു കേരളത്തിലുള്ളതെന്നു മുല്ലപ്പള്ളി ചോദിച്ചു.
അമിത് ഷാ കണ്ണൂരിൽ വന്ന് ഇടതുസർക്കാരിനെതിരേ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തത്. ഇടതുസർക്കാർ സന്പൂർണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബിജെപിയുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല.
ഉമ്മൻചാണ്ടി സർക്കാർ 99 ശതമാനവും പൂർത്തിയാക്കിയ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇടതുസർക്കാർ അധികാരമേറ്റശേഷം ഇഴയുകയായിരുന്നു. കണ്ണൂർ വിമാനത്താവളം തുറക്കാൻ ഇത്രയും വൈകിയതിന് ഇടതു സർക്കാർ ജനങ്ങളോടു മറുപടി പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.