കോട്ടയം: തിരുവനന്തപുരത്തേക്ക് പോയ ചെന്നൈ മെയിൽ ട്രെയിൻ ഹോട്ട് ആക്സിൽ തകരാറിനെ തുടർന്ന് കോട്ടയം സ്റ്റേഷനിൽ നിർത്തിയിട്ടു. രാവിലെ 9.30നാണ് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പിന്നീട് പുറപ്പെടാറായ സമയത്താണ് ഏറ്റവും പിന്നിലെ ജനറൽ കംപാർട്ട്മെന്റ് കോച്ചിൽ തകരാർ കണ്ടെത്തിയത്.
ഇതോടെ വൻദുരന്തം ഒഴിവായി. ഒന്നാമത്തെ ട്രാക്കിലെത്തിയ ട്രെയിൻ തകരാറായതിനെ തുടർന്ന് മറ്റു ട്രെയിനുകൾ രണ്ടാമത്തെ ട്രാക്കിലൂടെയാണ് കടത്തി വിട്ടത്. തകരാർ പരിഹരിക്കാൻ വൈകുമെന്ന് മെക്കാനിക്കൽ വിഭാഗം അറിയിച്ചതിനെ തുടർന്ന് ചെന്നൈ മെയിൽ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് മാറ്റിയിട്ടു.
ജനറൽ കംപാർട്ട്മെന്റ് ഉൾപ്പെടുന്ന കോച്ച് നീക്കം ചെയ്ത ശേഷം ചെന്നൈ മെയിൽ തിരുവനന്തപുരത്തേക്ക് യാത്ര തുടരാനുള്ള ആലോചനയും നടക്കുന്നുണ്ട്. 10.45നും ട്രെയിൻ യാത്ര പുനരാരംഭിച്ചിട്ടില്ല. ഹോട്ട് ആക്സിൽ ജാമായാൽ അത് വലിയ അപകടത്തിന് കാരണമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്സിൽ ജാം ആണെന്നറിയാതെ ഓടിയാൽ തീ പിടുത്തം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.