പൂച്ചാക്കൽ: ഒരു കാലത്ത് ആലപ്പുഴയിലെ ഗ്രാമീണ മേഖലയുടെ സാന്പത്തിക നട്ടെല്ലായിരുന്ന റാട്ടുകയറിന്റെ ഉൽപാദനം കുറയുന്നു. കയർ നിർമിക്കുന്നതിന് തമിഴ്നാട്ടിൽ ഉപയോഗിച്ചുവന്നിരുന്ന യന്ത്രം ആലപ്പുഴയിലേക്കും എത്തിയതോടെയാണ് ആലപ്പുഴ കയറിന്റെ ഉത്പാദനം കുറയാനിടയായത്.
കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ആധുനിക യന്ത്രം ഉപയോഗിച്ച് കയർ ഉൽപ്പാദനം നടത്തുന്നത് പരന്പരാഗത കയർ ഉത്പാദനമേഖലയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. നാട്ടിൻപുറത്തെ വെള്ളക്കെട്ടുകളിൽ നിക്ഷേപിച്ച് ചീയിച്ച് എടുക്കുന്ന തൊണ്ട് തല്ലി യന്ത്രത്തിലിട്ട് അലിയിച്ച് എടുക്കുന്ന ചകിരിയായിരുന്നു കയർപിരിക്കാൻ ഉപയോഗിച്ചിരുന്നത്.
എന്നാൽ തമിഴ്നാട്ടിൽ നിന്നും കയർകൊണ്ടുവരാനും ആധുനിക യന്ത്രം ഉപയോഗിച്ച് കയർ ഉൽപാദനം നടത്തുവാനും തുടങ്ങിയതോടെ പരന്പരാഗത കയർ വ്യവസായത്തിന് പൂട്ട് വീണു. തമിഴ്നാട്ടിൽ വിലകുറച്ച് ചകിരി ലഭ്യമാണെന്ന് അറിഞ്ഞതോടെ ഈ മേഖലയിലുള്ളവർ അവിടെനിന്ന് ചകിരി ഇറക്കിത്തുടങ്ങി.
തമിഴ്നാട്ടുകാർ ആധുനിക സാങ്കേതിക മികവുള്ള യന്ത്രത്തിന്റെ സഹായത്തോടെ അവിടെ കയർപിരി തുടങ്ങി. യന്ത്രത്തിൽ ചുരുങ്ങിയ സമയത്ത് കുടുതൽ കയർപിരിക്കാമെന്ന് മനസിലാക്കിയ കയർ മുതലാളിമാർ തമിഴ് നാട്ടിൽ നിന്നും ചകിരിയോടൊപ്പം കയർ പിരിക്കാൻ യന്ത്രവും ഇറക്കുമതി ചെയ്തു. റാട്ടുപിരി കയറിൽനിന്ന് യന്ത്രനിർമിത കയറിനെ വ്യത്യസ്തമാക്കുന്നത് കയറിന്റെ ഉള്ളിൽകൂടി കടത്തിവിടുന്ന പ്ളാസ്റ്റിക് നാരാണ്.
റാട്ടുപിരിക്ക് ഈ നാരിന്റെ ആവശ്യമില്ല. കൂടുതൽ ഉൽപാദനം ലഭിക്കാൻ യന്ത്രം ഉപയോഗിക്കുന്നതിനാൽ ചകിരി തുടർച്ചയായി പിരിഞ്ഞ് യന്ത്രത്തിലേക്ക് കയറുന്നതിനാണ് ഈ പ്ളാസ്റ്റിക് നാര് ഉപയോഗിക്കുന്നത്. ഇതാണ് പരന്പരാഗത ആലപ്പുഴ കയറിന്റെ ഗുണനിലവാരത്തകർച്ചക്ക് ഇടയാക്കുന്നത്. ഇത്തരം കയർപിരി യന്ത്രങ്ങൾ വാങ്ങാൻ കയർഫെഡ് സബ്സിഡിയോടെ വായ്പ നൽകുന്നുണ്ട്.
ഇത് ആലപ്പുഴ കയറിന്റെ മാർക്കറ്റ് ഇല്ലാതാക്കുകയാണെന്നാണ് പരന്പരാഗത തൊഴിലാഴികൾ പറയുന്നത്. മുൻകാലങ്ങളിൽ നാട്ടിൻ പുറങ്ങളിലെ മിക്ക വീടുകളിലും ഒരു റാട്ട് ഉപകരണം എങ്കിലും ഉണ്ടായിരുന്നു. ആധുനിക യന്ത്രത്തിന്റെ വരവോടെ അതെല്ലാം ഓർമകളായി മാറിയിരിക്കുകയാണ്. വരും തലമുറയെ കാണിച്ചു കൊടുക്കാൻ പേരിന് പോലും നാട്ടിൻ പുറങ്ങളിലെ റാട്ട് പിരി ഉപകരണം ഇല്ലാത്ത അവസ്ഥയാണ്.