ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇന്ന് സര്‍വസാധാരണമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന കാലത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാവണം, ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സംഭവിക്കുന്ന അബദ്ധങ്ങളും വര്‍ധിക്കുകയാണ്. പലപ്പോഴും ഓര്‍ഡര്‍ ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത വസ്തുക്കളായിരിക്കും വീട്ടിലെത്തുക.
സമാനമായ രീതിയില്‍ സ്മാര്‍ട്ട്ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ച വസ്തുവാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായിരിക്കുന്നത്. കാഷ് ഓണ്‍ ഡെലിവറിയായി സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്തതാണ് കൊല്‍ക്കത്ത സ്വദേശിയായ യുവാവ്. പോസ്റ്റോഫീസിന്റെ അഡ്രസാണ് നല്‍കിയിരുന്നത്. 3,598 രൂപയുമായി എത്തിയാല്‍ പാര്‍സല്‍ നല്‍കാമെന്ന് പോസ്റ്റ്മാന് അറിയിച്ചു.
എന്നാല്‍ പാഴ്സല്‍ തുറന്ന് നോക്കിയ യുവാവ് ഞെട്ടി. വെറും അഞ്ച് രൂപ വിലയുള്ള ഒരു അലക്കു സോപ്പായിരുന്നു പാഴ്സലിനുള്ളില്‍. ഇതുകണ്ട് ദേഷ്യമാണോ സങ്കടമാണോ തനിക്ക് ആദ്യമുണ്ടായതെന്ന് അറിയില്ലെന്നാണ് യുവാവ് പിന്നീട് പറഞ്ഞത്.
കുപിതനായ യുവാവ് പോസ്റ്റ് മാസ്റ്ററോട് പണം തിരികെ നല്കാന് ആവശ്യപ്പെട്ടു. പണം നല്കാന് കഴിയില്ലെന്ന് പറഞ്ഞതോടെ പോസ്റ്റ് ഓഫീസിലെ പണപ്പെട്ടി കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ച പോസ്റ്റ് മാസ്റ്ററെ ആക്രമിക്കുകയും ചെയ്തു.
നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഓണ്‍ലൈന്‍ റീട്ടെയിലിനെതിരെ പരാതി നല്കിയിരിക്കുകയാണിപ്പോള് ഇയാള്‍.