ആലപ്പുഴ: മുക്കുപണ്ടം നല്കി സ്വർണം മാറ്റിയെടുക്കാനെത്തിയ 46 കാരിയെ സ്വർണാഭരണ ശാലയിലെ ജീവനക്കാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. മധ്യപ്രദേശ് ഗ്വാളിയർ സ്വദേശിനി നമിത(46) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
നാലു പവനുള്ള രണ്ടുവളകൾ മാറ്റിയെടുക്കണമെന്ന് പറഞ്ഞാണ് നമിത സ്വർണക്കടയിലെത്തിയത്. ആദ്യം സ്വർണം പരിശോധിക്കുന്ന മെഷീനിൽ പരിശോധിച്ച് നോക്കിയെങ്കിലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ജീവനക്കാരൻ കൈയിൽ എടുത്തുനോക്കിയപ്പോൾ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.
വെള്ളിയും ചെന്പും ചേർത്ത മിശ്രിതത്തിൽ സ്വർണം പൂശിയതായിരുന്നു വളകൾ. ഒരുതരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് ഇതു പണികഴിപ്പിച്ചിരുന്നത്. ആഭരണം വ്യാജമാണെന്ന് മനസിലാക്കിയ ജീവനക്കാരൻ ഇതു ചോദ്യം ചെയ്തപ്പോൾ ഇവർ കടയിൽ നിന്നിറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി.
തുടർന്ന് ആലപ്പുഴ സൗത്ത് പോലീസിൽ വിവരമറിയിച്ചു. മരുമകൾ സമ്മാനമായി തന്നതാണെന്നും അതു മാറ്റിമേടിക്കാനാണ് വന്നതെന്നുമാണ് ഇവർ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.