കണ്ണൂർ: കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തുനൽകാൻ കേരള സർക്കാർ സന്നദ്ധമായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
എന്നാൽ, ഒരുസെന്റ് ഭൂമി പോലും ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ പണം നൽകിയില്ലെന്ന വസ്തുത നിലനിൽക്കെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അമിത്ഷാ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ താഴെചൊവ്വ പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ പാലം ഔപചാരികമായി ഗതാഗതത്തിന് തുറന്ന് കൊടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2020 അകുന്പോഴേക്കും 600 കിലോമീറ്റർ വരുന്ന ദേശീയപാത യാഥാർഥ്യമാക്കാനായിരുന്നു തീരുമാനം. എന്നാൽ കേരള സർക്കാരിനെ വിമർശിക്കുന്ന കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ അഞ്ച് പൈസപോലും ഭൂമിയേറ്റെടുക്കാൻ തന്നിട്ടില്ല. സർവേക്കല്ല് പാകാനും തയാറായില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാതയുടെ പ്രവൃത്തി ആരംഭിക്കരുത് എന്ന് ചിന്തയുള്ളവരാണ് കേന്ദ്രസർക്കാരിലെ ഒരുവിഭാഗമെന്നും സുധാകരൻ ആരോപിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനിയർ പി.കെ. പ്രകാശ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എംപി എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ടിംഗ് എൻജിനിയർ ടി.എസ്. സിന്ധു, ജില്ലാ കളക്ടർ മിർ മുഹമ്മദലി, ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ടി.ഒ. മോഹനൻ, വെള്ളോറ രാജൻ എന്നിവർ പ്രസംഗിച്ചു.