തലശേരി: തലശേരി മത്സ്യവ്യവസായി പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിലെ പ്രധാന പ്രതികളുമായി മധുരയില്‍ നിന്നും പോലീസ് കേരളത്തിലേക്ക് തിരിച്ചു.
കേസിലെ പ്രധാന പ്രതികളും സമാനമായ തട്ടിപ്പു കേസില്‍ മധുരയില്‍ അറസ്റ്റിലായ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന നെല്ലായ് മുരുകന് എന്ന ശങ്കര്‍നാരായണന്‍ (64), അറുമുഖപാണ്ടി (45) എന്നിവരെയാണ് ഇന്നു വൈകുന്നേരത്തോടെ തലശേരിയിലെത്തിക്കുക.
തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് അഡീഷണല്‍ എസ്ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മധുര ജയിലില്‍ നിന്നും ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി തലശേരിയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലാകും. ഇതോടെ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം വള്ളുവമ്പ്രത്തെ ലത്തീഫ് (42), തൃശൂര്‍ കനകമലയിലെ ദീപു (32), കൊടകരയിലെ സഹോദരങ്ങളായ ആല്ബിന് എന്ന അബി (35), ഷിജു (33), ബിനു (36), രജീഷ് എന്ന ചന്തു (32), ധര്‍മടം ചിറക്കുനിയിലെ നൗഫല്‍ (36) എന്നിവര്‍ ഇപ്പോള്‍ റിമാൻഡിലാണുള്ളത്. സിഐ എംപി ആസാദ്, എസ്ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വാഷിക്കുന്നത്.