വടകര: വടകര ലോക്സഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് ലോക് താന്ത്രിക് ജനതാദൾ. വടകരയിൽ നടന്ന പാർലമെന്റ് മണ്ഡലം കണ്‍വെൻഷനിലാണ് എൽജെഡി ദേശീയ സെക്രട്ടറി വർഗീസ് ജോർജ് പാർട്ടിയുടെ ആവശ്യമുന്നയിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ഉൾപെടെയുള്ള മുന്നണിയുടെ ഭാഗമാണ് എൽജെഡി. വർഗീയതയെ കേരളത്തിൽ ഫലപ്രദമായി എതിർക്കുന്നത് ഇടതു മുന്നണിയായത് കൊണ്ടാണ് ഇവിടെ എൽഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നത്.
57 ൽ കെബി മേനോനും 67 ൽ അരങ്ങിൽ ശ്രീധരനും ജയിച്ച വടകരയിൽ പാർട്ടിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റുകൾ ഭിന്നിച്ച് നിൽക്കരുതെന്ന് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നതെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി.മോഹനൻ, മുൻ എംഎൽഎ. എം.കെ.പ്രേംനാഥ്, ഷെയ്ക്ക് പി.ഹാരിസ്, വി.സുരേന്ദ്രൻപിള്ള, എം.കെ.ഭാസ്കരൻ, എൻ.കെ.വത്സൻ, സലിം മടവൂർ, പി.കെ.പ്രവീണ്‍, വി.കുഞ്ഞാലി, എ.ടി.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടിയുടെ ശക്തി തെളിയിച്ചുകൊണ്ട് നൂറ് കണക്കിനാളുകൾ അണിനിരന്ന പ്രകടനം നടന്നു. ടൗണ്‍ഹാളിൽനിന്നു പുറപ്പെട്ട പ്രകടനത്തിൽ സ്ത്രീകളും യുവാക്കളും അണിനിരന്നു. പഴയസ്റ്റാൻഡ്, എടോടി വഴി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. വടകര, കുറ്റ്യാടി, പേരാന്പ്ര, നാദാപുരം, കൊയിലാണ്ടി, തലശേരി, കൂത്തുപറന്പ് എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.
മനയത്ത് ചന്ദ്രൻ, കെ.പിമോഹനൻ, സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരൻ, എം.കെ.പ്രേംനാഥ്, എൻ.കെ. വത്സൻ, കെ.കെ.കൃഷ്ണൻ, കെ.എം.ബാബു, എം.പി.ശിവാനന്ദൻ, പി.എം.നാണു, ബാബു കുളൂർ, രാംദാസ്, ധനഞ്ജയൻ, എ.ടി.ശ്രീധരൻ, പ്രസാദ് വിലങ്ങിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ.പി.ദാമോദരൻ, സി.പി. രാജൻ, വിനോദ് ചെറിയത്ത്, സജീവൻ തുടങ്ങിയവർ നേതൃത്വംനൽകി.