ഒരു രാജ്യത്തെയും ഒരു ജനതയെയും പിന്നോട്ടടിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നാണ് പട്ടിണി. ഇന്ത്യ മഹാരാജ്യം ഒരുകാലത്ത് പട്ടിണിയുടെ കാര്യത്തില്‍ മുന്‍ പന്തിയിലായിരുന്നു എങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങളുടെ അതിവേഗമുള്ള വളര്‍ച്ചയിലൂടെ ഏറെക്കുറെ ആ ദുഷ്‌പ്പേര് മാറ്റിയെടുക്കാനായി. എങ്കിലും അടുത്തിടെ പുറത്തു വന്ന ചില കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടയ്ക്ക് ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലേയ്ക്കാണ് ഇന്ത്യ നീങ്ങിയിരിക്കുന്നത്.
ആഗോളതലത്തില്‍ രാജ്യത്തിന്റെ നില അത്ര പ്രശംസനീയമായ നിലയിലല്ലെങ്കിലും കേരളത്തിന്, പ്രത്യേകിച്ച് കോട്ടയം ജില്ലയ്ക്ക് അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെ ഏക പട്ടിണി വിമുക്ത ജില്ലയായി കോട്ടയം ജില്ലയെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണത്.
യുണൈറ്റഡ് നേഷന്‍സ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി), ഓക്‌സ്ഫഡ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇനിഷ്യേറ്റീവ് എന്നിവ ചേര്‍ന്ന് പുറത്തിറക്കിയ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിലാണ് കോട്ടയം ഒന്നാമതെത്തിയത്. പട്ടിണിയുടെ അളവനുസരിച്ച് 0 മുതല്‍ 1 വരെയുള്ള സ്‌കോറുകളാണ് രേഖപ്പെടുത്തുന്നത്. കോട്ടയം ജില്ലയുടെ സ്‌കോര്‍, 0 ആണ്. 0.462 നേടിയ മധ്യപ്രദേശിലെ അലിരാജ്പുരാണ് ഏറ്റവും പട്ടിണിയുള്ള ജില്ല. ഇന്ത്യയില്‍ ഏറ്റവും പട്ടിണി കുറവും കേരളത്തിലാണ്.