ഇരിട്ടി: ആറളംഫാമില്‍ ആദിവാസി വയോധികയെ കാട്ടാന കുടില്‍ തകര്‍ത്ത് കുത്തിക്കൊന്നു. നാലു വയസുകാരിയായ കൊച്ചുമകൾക്ക് പരിക്കേറ്റു. ബ്ലോക്ക് പതിമൂന്നിലെ അന്പത്തിയഞ്ചിൽ ചതിരൂരില്‍ നിന്ന് കുടിയേറി താമസിക്കുന്ന പരേതനായ കരിയപ്പന്റെ ഭാര്യ ദേവു(70)ആണ് മരിച്ചത്.
മകള്‍ സുമിയുടെ മകള്‍ ബിജിമോള്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ആനയുടെ കുത്തേറ്റ ദേവുവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ചിട്ട് വനപാലകര്‍ ആംബുലന്‍സ് അയച്ചത് മൂന്ന് മണിക്കൂറിന് ശേഷം. ഇതാണ് വയോധികയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ആദിവാസികള്‍ ആറളത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.
കുടിൽ തകർത്തെത്തിയ കാട്ടാന ദേവുവിനെ അക്രമിക്കുന്നത് കണ്ട് മകള്‍ സുമി പരിക്കേറ്റ ബിജിമോള്‍ ഉൾപ്പെടെയുള്ള മൂന്നു മക്കളുമായി പുറത്തേക്ക് ഓടിയതിനാലാണ് ഇവരുടെ ജീവന് രക്ഷപ്പെട്ടത്. പരിക്കേറ്റ ബിജിമോൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുമിയുടെയും മക്കളുടെയും നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് ദേവുവിനെ പരിക്കേറ്റ നിലയില്‍ പുറത്തെടുത്തത്. നെഞ്ചിലും വയറിലുമാണ് ആനയുടെ കുത്തേറ്റത്. ഉടന്‍തന്നെ നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറിയതായി ആദിവാസികള്‍ പറയുന്നു.
നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് പുലര്‍ച്ചെ രണ്ടരയോടെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സ് ഫാമിലേക്ക് വിട്ടത്. അപ്പോഴേക്കും ചോരവാര്‍ന്ന് ദേവു അവശനിലയിലായിരുന്നു. നാട്ടുകാര്‍ മുറിവ് കെട്ടുകയും വെളളം നല്‍കുകയും ചെയ്ത ശേഷമാണ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിപ്പുതോട്, വിയറ്റ്നാം മേഖലയില്‍ മോഴയാന കഴിഞ്ഞ മൂന്നാഴ്ചയായി ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പരിപ്പുതോട് നവജീവന്‍ കോളനിയുടെ മതില് തകര്‍ത്ത് ആന കോളനിക്കകത്ത് കഴിഞ്ഞദിവസങ്ങളില്‍ വിളയാട്ടം നടത്തിയിരുന്നു.
എന്നാൽ, ഇതുവരെ വനപാലകര്‍ ആനയെ തുരത്താൻ നടപടിയെടുത്തില്ല. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധന്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റഹിയാനത്ത് സുബി, സിപിഐ ജില്ലാ അസി. സെക്രട്ടറി കെ.ടി ജോസ് എന്നിവര്‍ സ്ഥലത്തെത്തി.