കാഞ്ഞിരപ്പള്ളി: പച്ചക്കപ്പ വിൽപ്പനയിൽ അന്പതുവർഷം പൂർത്തി യാക്കി മുഹമ്മദ് റഷീദ്.കാഞ്ഞിരപ്പളളി പൈനാപ്പള്ളിയിൽ ഉസ്മാൻ കുട്ടിയുടെ മകൻ മുഹമ്മദ് റഷീദ് പിതാവിന്റെ പാത പിന്തുടർന്നാണ് പച്ചക്കപ്പ കച്ചവടം നടത്തിവരുന്നത്.
പഠനത്തോടൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനോടൊപ്പം പച്ചക്കപ്പയുടെ മൊത്തവ്യാപാരവുമായി രംഗത്തിറങ്ങിയ റഷീദിന്റെ കപ്പ ക്കച്ചവടം കാഞ്ഞിരപ്പള്ളി ടൗണ്‍ മസ്ജിദിനോട് ചേർന്നുള്ള സ്വന്തം കടയിലാണ്. എല്ലായിടത്തും പച്ചക്കപ്പ കിലോഗ്രാമിന് 25ഉം 30ഉം രൂപയ്ക്ക് വിൽക്കുന്പോൾ റഷീദിന്റെ കടയിൽ 20 രൂപ മാത്രമേ വിലയുള്ളൂ. കപ്പ വില പ്രത്യേക ഫ്ളക്സ് ബോർഡിലൂടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
പണ്ടുകാലത്ത് പച്ചക്കപ്പ സീസണിൽ മാത്രം ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 365 ദിവസവും മാർക്കറ്റിൽ ലഭിക്കും. ഒരു കാലത്ത് പാവപ്പെട്ടവരുടെ മാത്രം ഭക്ഷണമായിരുന്ന കപ്പ ഇപ്പോൾ ധനികരുടെ ഡൈനിംഗ് ടേബിളിലെ പ്രത്യേക ഐറ്റമാണ്.
അന്‍പതു വർഷം മുന്‍പ് കപ്പ കിലോയ്ക്ക് പത്തു പൈസയ്ക്ക് വിറ്റിരുന്നത് റഷീദ് ഇപ്പോഴും ഓർക്കുന്നു. കപ്പ കൃഷി കേരളത്തിൽ കുറഞ്ഞു വരുന്നത് കൊണ്ടാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കപ്പ ‘ഇറക്കുമതി ’ ചെയ്യേണ്ടി വരുന്നതെന്ന് റഷീദ് പറയുന്നു. പാരന്പര്യം പിന്തുടർന്ന് റഷീദിന്റെ മകൻ ഷെമീലും കപ്പ വ്യാപാരത്തിൽ സജീവമായി രംഗത്തുണ്ട്