പാനൂർ: മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് -സി പി എം സംഘർഷം. രണ്ട് സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റു. അക്രമികളെ വിരട്ടാൻ പോലീസ് ലാത്തി വീശി. ഇന്നലെ രാത്രിയിലാണ് സിപിഎം പ്രവർത്തകർക്ക് മർദനമേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ ചാലുപറമ്പത്ത് ബാബുവിന്റെ മകൻ ചിക്കുയെന്ന അനുരാഗ് (18), ചക്കരേന്റവിട ദിലീഷ് (35) എന്നിവർക്കാണ് മർദ്ദനമേറ്റത്.
പരിക്കേറ്റ ഇവരെ പാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂർ പോലീസ് സംഘടിച്ച സിപിഎം – കോൺഗ്രസ് പ്രവർത്തകരെ വിരട്ടിയോടിക്കാൻ ലാത്തി വീശി. ഇന്നലെ മീത്തലെ കുന്നോത്ത്പറമ്പിൽ കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടിരുന്നു.
അക്രമത്തിൽ പങ്കില്ലെന്ന് സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കളെ അറിയിക്കുകയും തീയിട്ട കോൺഗ്രസ് ഓഫീസ് സിപി എം നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കോൺഗ്രസ് -സി പി എം സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ കുന്നോത്ത്പറമ്പ് മേഖലയിൽ ഹർത്താലാചരിക്കുകയും മീത്തലെ കുന്നോത്ത് പറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
പൊതുയോഗം ഐ എൻ ടി യു സി ദേശീയ സിക്രട്ടറി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി അബ്ദുൾ റഷീദ്, ടി കെ ചന്ദ്രൻ മാസ്റ്റർ, കെ പി രാമചന്ദ്രൻ ,കെ പി ഹാഷിം,കെ പി സാജു, പി പി രാജൻ, എന്നിവർ സംസാരിച്ചു.