സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അടുപ്പം ഏവര്‍ക്കും അറിവുള്ളതാണ്. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവാകുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സംവിധായകന് രഞ്ജിത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് രഞ്ജിത്ത് ആ സംഭവം വെളിപ്പെടുത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഷൂട്ടിങ്ങിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ഫോണ്‍ വിളിച്ച് കരഞ്ഞെന്നാണ് രഞ്ജിത്ത് വെളിപ്പെടുത്തിയത്. രഞ്ജിത്തിന്റെ വാക്കുകളിങ്ങനെ..
ഫോണില്‍ സംസാരിക്കവെ ആന്റണിയുടെ സംസാരത്തില്‍ പന്തികേട് തോന്നിയാണ് എന്താണ് സംഭവമെന്ന് തിരക്കിയത്. മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്നത് കണ്ടുനില്‍ക്കാനാകുന്നില്ലെന്ന് പറഞ്ഞ് ആന്റണി കരയുകയായിരുന്നു. എന്നാല്‍ എന്നെ അതിശയിപ്പിച്ചതതല്ല. ആന്റണിയ്ക്ക് തോന്നിയ അതേ വികാരം ജീത്തുവിനും തോന്നിയിരുന്നു. ദൃശ്യം ചിത്രീകരണം വളരെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു. രഞ്ജിത്ത് പറയുന്നു.
വേറിട്ടതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളെ രൂപപ്പെടുത്തേണ്ടതും അവതരിപ്പിക്കേണ്ടതും സംവിധായകരാണ്. സംവിധായകര്‍ ഒരിക്കലും താരങ്ങളുടെ ആരാധകരാകാന്‍ പാടില്ല.
എന്നാല്‍ മലയാള സിനിമ മോഹന്‍ലാലിനോ മമ്മൂട്ടിയ്ക്കോ ഇനിയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടില്ലെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രഗത്ഭരായ നടന്മാരുടെ യഥാര്‍ത്ഥ പ്രതിഭ പുറത്തെത്തിക്കാന്‍ വേണ്ടി സംവിധായകരും എഴുത്തുകാരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്നും രഞ്ജിത്ത് ഓര്‍മ്മിപ്പിച്ചു.