കൊച്ചി: വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവ് റിമാൻഡിൽ. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് തച്ചനാട്ടുകരയിൽ ഷിഹാബുദ്ദീനെ (സാബു-36) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
തൃശൂർ സ്വദേശി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വൈറ്റില ഗോൾഡ്സൂക്കിന്റെ രണ്ടാം നിലയിൽ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്നു കരാറെഴുതിയശേഷം പണം വാങ്ങുകയും പിന്നീട് ഷോപ്പ് മറ്റൊരാൾക്ക് വിൽക്കുകയുമാണു പ്രതി ചെയ്തതെന്നു പോലീസ് പറഞ്ഞു.
1,14,20,000 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിച്ചത്. പാലാരിവട്ടം എസ്ഐ എസ്. സനലും സംഘവും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.