തൃശൂര്‍: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ വിജയിച്ചതു സംഘര്ഷത്തിലൂടെയല്ലെന്നും അഹിംസയിലൂടെ നേടിയെടുത്തതാണെന്നും യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബഹനാന്. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുഖ്യമന്ത്രി നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രം മനസിലാക്കാത്തതുകൊണ്ടാണ് ശബരിമലയിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരെ അയയ്ക്കുമെന്നു പറഞ്ഞത്. കോണ്‍ഗ്രസ് വിശ്വാസികളുടെ ഒപ്പം വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും, സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ജീവനക്കാരില്‍നിന്നും എഴുതി വാങ്ങിയ സമ്മതപത്രങ്ങള്‍ തിരികെ നല്‍കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്, സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന്, വി.ബല്‍റാം, പി.എ. മാധവന്, ടി.യു. രാധാകൃഷ്ണന്, ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍, ഐ.പി. പോള്‍, ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.