ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് വാട്ടർ എടിഎം വഴി കുടിവെള്ളമെടുക്കാനുള്ള സംവിധാനം ഒരുക്കി നഗരസഭ കുടിവെള്ള ലഭ്യതയ്ക്ക് പുതിയ ചുവട് വയ്്ക്കുന്നു. കിഴക്കേനടയിലും പടിഞ്ഞാറെനടയിലും ഉൾപ്പെടെ നഗരത്തിൽ ആദ്യ ഘട്ടത്തിൽ നാല് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവർത്തികൾ ഇന്നലെ ആരംഭിച്ചു.
കിഴക്കെനടയിൽ ലൈബ്രറി അങ്കണത്തിനുള്ളിലാണ് എടിഎം സ്ഥാപിക്കുന്നത്. തീർഥാടകർക്ക് ഇവിടെ റോഡിൽ നിന്ന് കൊണ്ട ്് എടിഎമ്മിലൂടെ വെള്ളം എടുക്കാനാകും. റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിലൂടെ വെള്ളം ശുദ്ധീകരിക്കും. ആദ്യഘട്ടത്തിൽ ടാങ്കർ ലോറിയിൽ കൊണ്ടു വന്ന് വെള്ളം നിറക്കും. നഗരസഭ അങ്കണത്തിലെ കിണർ ശുദ്ധീകരിച്ചശേഷം കിണറിൽ നിന്ന് വെള്ളം കൊണ്ടുവന്ന് നിറക്കും.
വാട്ടർ സൊലൂഷൻസ് എന്ന കന്പനി ഒരു എടിഎമ്മിന് ആറു ലക്ഷം എന്ന നിരക്കിലാണ് എടിഎം സ്ഥാപിക്കുന്നത്. 1, 2, 5 രൂപ നാണയം എടിഎമ്മിൽ നിക്ഷേപിച്ചാൽ വെള്ളം ലഭിക്കും. 1, 2, 5, 20 ലിറ്റർ വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം എടിഎമ്മിലുണ്ടാകും. അടുത്ത ആഴ്ചയാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.