മഞ്ചേരി: പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പരസ്യ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതിന് ഹൈക്കോടതി നൽകിയ കാലപരിധി ഇന്നു അവസാനിക്കാനിരിക്കെ പലയിടങ്ങളിലും ഉത്തരവ് കാറ്റിൽ പറത്തിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാർ വിമുഖത കാണിക്കുന്നു. ഉത്തരവു നടപ്പാക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ‘
അനധികൃതമായി സ്ഥാപിച്ച പരസ്യ പ്രചാരണ ബോർഡുകളും അനുബന്ധ സാമഗ്രികളും നീക്കം ചെയ്യാൻ കോടതി നൽകിയ സമയപരിധി തീരുന്നുവെങ്കിലും ബോർഡുകൾ സ്ഥാപിച്ചവർ സ്വമേധയാ ഇവ നീക്കണമെന്ന സമീപനമാണ് സംസ്ഥാനവ്യാപകമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
വാർത്താ മാധ്യമങ്ങളിൽ അറിയിപ്പു നൽകുന്നതിലപ്പുറം കാര്യക്ഷമമായ ഇടപെടൽ ഇക്കാര്യത്തിൽ ഒട്ടുമിക്കയിടത്തും ഉണ്ടായിട്ടില്ല. ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഇതു സംബന്ധിച്ചു മാധ്യമങ്ങൾ വഴി അറിയിപ്പു നൽകുന്നതിൽ കവിഞ്ഞു ക്രിയാത്മക ഇടപെടലുകൾ ഉണ്ടായിട്ടില്ല.
ദേശീയ, സംസ്ഥാന പാതകളിലടക്കം നിയന്ത്രണങ്ങളേതുമില്ലാതെയാണ് കൂറ്റൻ ബോർഡുകൾവരെ സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങളോടിക്കുന്നവർക്കും യാത്രക്കാർക്കും കാഴ്ച മറക്കും വിധം സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാനൊ നിയന്ത്രണമേർപ്പെടുത്താനൊ നടപടിയുണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വൻതോതിലാണ് പൊതുയിടങ്ങളിൽ അനധികൃത പരസ്യ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ അപകടങ്ങൾക്ക് കാരണമാകുന്നു.