വടകര: ഭർത്താവുമായി യാത്ര ചെയ്യവെ ബൈക്ക് തടഞ്ഞ് നിർത്തി യുവതിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി പരാതി. ഓർക്കാട്ടേരി സ്വദേശിയായ യുവതിയാണ് ചോന്പാല പോലിസിനെതിരെ വടകര റൂറൽ എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി ബൈക്കിൽ യാത്ര ചെയ്യവെ മടപ്പള്ളിയിൽ വെച്ച് മുൻ അയൽവാസിയായ മനോജ് എന്നയാൾ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന് ശേഷം ചികിത്സ തേടിയ യുവതി അന്ന് തന്നെ ഭർത്താവുമായി നേരിട്ട് ചോന്പാല പോലിസിൽ പരാതി നൽകിയിരുന്നു.
എന്നാൽ പിറ്റേന്ന് വരാനായിരുന്നു മറുപടി. പിറ്റേന്ന് കാലത്ത് സ്റ്റേഷനിൽ ചെന്നപ്പോൾ കേസുമായി പോയാലുള്ള ഭവിഷ്യത്ത് പറഞ്ഞ് പിന്തിരിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. തുടർന്ന് രണ്ട് പേരും മടങ്ങിപ്പോന്നു. പിറ്റേന്നു വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്.
എന്നാൽ ഭർത്താവിനെ പുറത്ത് മാറ്റി നിർത്തി വനിതാ പോലിസിന്റെ സാന്നിധ്യമില്ലാതെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പറയുന്നു. ഈ സമയം മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയിൽ സംസാരിച്ചതായും യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
രജിസ്റ്ററിൽ മൊഴി രേഖപ്പെടുത്തുന്ന സമയം എഴുതിയില്ല. കേസുമായി മുന്നോട്ട് പോയാൽ വക്കീൽഫീസ് പോവുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് സ്റ്റേഷൻ റൈറ്ററും ഭീഷണി സ്വരത്തിൽ പറഞ്ഞതായും പരാതിയിലുണ്ട്. സ്റ്റേഷനിൽ ഇല്ലാതിരുന്ന വനിതാ കോണ്സ്റ്റബിളിന്റെ പേരാണ് മൊഴി രേഖപ്പെടുത്തിയതായി ഉൾപെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ സ്വാധീനത്താൽ പ്രതിയെ രക്ഷിക്കാൻ പോലിസ് ശ്രമിച്ചെന്നാണ് പരാതി. അതേ സമയം കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഫോണിൽ ശ്രീജിത്ത് എന്നയാൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ഡിജിപി, വനിത കമ്മീഷൻ, എഡിജിപി എന്നിവർക്കും അയച്ചിട്ടുണ്ട്.