മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോട് 5-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ പിന്നാലെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പരിശീലകന് ജൂലിയന്‍ ലോപെടെഗിയെ പുറത്താക്കി. പുതിയ സീസണില്‍ ടീമിന്റെ ചുമതലയേറ്റ ലോപെടെഗിക്ക് റയലിനെ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നാല് ജയം, രണ്ട് സമനില, മൂന്ന് തോല്‍വി. അവസാന നാല് കളിയില്‍നിന്ന് കിട്ടിയതാകട്ടെ ഒരു പോയിന്റും. യൂറോപ്യന്‍ തട്ടകത്തിലും പരുങ്ങലിലാണ് റയല്‍. ഈ സാഹചര്യത്തിലാണ് ബാഴ്സയോട് കനത്ത തോൽവി ഏറ്റുവാങ്ങുന്നത്. കോച്ചിനെ പുറത്താക്കുകയല്ലാതെ മറ്റൊരുവഴിയും റയലിനു മുന്നിലുണ്ടായിരുന്നില്ല.
സാന്റിയാഗോ സൊളാരി താത്കാലിക കോച്ച്
ലോപെടെഗിക്കു പകരം ടീമിന്റെ താത്കാലിക പരിശീലകനായി റിസർവ് ടീം പരിശീലകനായ സാന്റിയാഗോ സൊളാരിയെ നിയമിച്ചു. മുൻ അർജന്റൈൻ താരമായ സൊളാരി റയലിനായി 2000 മുതൽ 2005 വരെ കളിച്ചിരുന്നു. ലോപെടെഗിക്ക് പകരക്കാരനായി ചെല്‍സി മുന്‍ പരിശീലകന് അന്റോണിയോ കോന്റെയാണ് റയല്‍ മാഡ്രിഡില്‍ എത്തിക്കാനാണ് ശ്രമം. കോന്റെയുടെ പേരിനൊപ്പം ടോട്ടനം പരിശീലകൻ മൗറിക്കോ പൊഹിറ്റിനോയുടെ പേരും ഉയര്‍ന്നിട്ടുണ്ട്.
പെരസിനും പങ്ക്
റയലിന്റെ ദയനീയ പ്രകടനങ്ങൾക്ക് ലോപെടെഗി മാത്രമാണോ കുറ്റക്കാരനെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു. ലോപെടെഗിയേക്കാൾ ഉത്തരവാദിത്തം ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരെസിനാണെന്നും ശക്തമായ അഭിപ്രായമുണ്ട്. പലകാലങ്ങളിലായി റയൽ വിട്ടവർക്കു പകരം പ്രതിഭാധനരെ എത്തിക്കുന്നതിൽ ക്ലബ് പ്രസിഡന്റ് പരാജയപ്പെട്ടതായി നിരവധി കളിയെഴുത്തുകാർ അഭിപ്രായപ്പെട്ടു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം ഗാരത് ബെയ്ലും കരീം ബെന്‍സെമയും നികത്തുമെന്ന് പെരസ് കരുതിയെങ്കിലും അതും വൻപരാജയമായിരുന്നു. ഗോളി തിബോ കൂർട്ട്വോയെയും ഇടതുബാക്ക് അല്‍വാരോ അഡ്രിയോസോളോയെയും മാത്രമാണ് പെരസ് ടീമിലെടുത്തത്. ചെല്‍സിയില്‍നിന്ന് ഏഡന്‍ ഹസാര്‍ഡിനെയും പിഎസ്ജിയില്‍നിന്ന് നെയ്മര്‍–എംബാപ്പെ സഖ്യത്തെയും ടീമിലെത്തിച്ചേക്കുമെന്ന് വാർത്തകൾ വന്നെങ്കിലും അവരെ സമീപിക്കാൻ ശ്രമിച്ചില്ല.
കളിക്കാരുടെ ഇടയിലും ഭിന്നത
ബാഴ്സയ്ക്കെതിരായ കനത്ത തോൽവിയും കോച്ച് ലോപെടെഗിയുടെ പുറത്താകലും മൂലം പ്രതിസന്ധിയിലായ റയലിന് കളിക്കാരുടെ ഇടയിലെ അഭിപ്രായ ഭിന്നതയും തലവേദനയാവുന്നു. ബാഴ്സയ്ക്കെതിരായ മത്സരത്തിലെ തോൽവിക്കു കാരണം കളിക്കാരുടെ മോശം പ്രകടനമായിരുന്നുവെ ന്ന് കസേമിറോപറഞ്ഞു. ഇതിനെ വിമർശിച്ച് നായകന് സെർജിയോ റാമോസ് എത്തിയതോടെയാണ് ഈ സംശയങ്ങള്‍ ബലപ്പെടുന്നത്.