ആലുവ: ജില്ലയിൽ ഏറ്റവും രൂക്ഷമായി പ്രളയദുരന്തം നേരിട്ട കടുങ്ങല്ലൂർ പഞ്ചായത്തിൽ തുടർച്ചയായി മൂന്നാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കാരുണ്യ, അക്ഷയ, സ്ത്രീ ശക്തി എന്നീ ലോട്ടറികളുടെ ഒന്നാം സമ്മാനമാണ് പഞ്ചായത്തിലെ മൂന്നു പേർക്കായി ലഭിച്ചത്.
ഇതെല്ലാം മുപ്പത്തടത്തെ ധന്യ ഏജൻസിയിൽനിന്നായിരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറി എസ്എസ് 129-ാമത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ധന്യ ഏജൻസിയിലെ ടിക്കറ്റിന് ലഭിച്ചത്.
എസ്ജി 881844 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. കിഴക്കേ കടുങ്ങല്ലൂർ മാടശേരില് എം.ഡി. ബാലചന്ദ്രന് നായരാണ് സമ്മാനാർഹൻ. വാടക വീട്ടിൽ താമസിക്കുന്ന ബാലചന്ദ്രൻ നായർക്ക് മൂന്നു പെൺമക്കളടക്കം നാല് മക്കളാണുള്ളത്. കിഴക്കേ കടുങ്ങല്ലൂർ മാടശേരിയിൽ എം.ബി. ഷീബ വിറ്റ ടിക്കറ്റിനാണ് സമ്മാനം.
കഴിഞ്ഞ മാസം 29 ന് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. നാട്ടുകാരനായ സാമൂഹ്യ പ്രവർത്തകൻ കെ.പി. മുകുന്ദനെയാണ് അന്ന് ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 24 ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും ധന്യയിൽനിന്നു വിറ്റ ടിക്കറ്റിനായിരുന്നു.
ഇന്നലെ വീണ്ടും ഒന്നാം സമ്മാനം തേടിയെത്തിയപ്പോൾ 30 ദിവസത്തിനുള്ളിൽ മൂന്ന് ഒന്നാം സമ്മാനങ്ങൾ നേടിയെന്ന അത്യപൂർവ ബഹുമതിയാണ് ധന്യ ഏജൻസിക്കു ലഭിച്ചത്. സാഹിത്യകാരനായ ശ്രീമൻ നാരായണന്റെ സ്ഥാപനമാണ് ധന്യ ലോട്ടറി ഏജൻസി.
മുപ്പത്തടം കവലയിലുള്ള ഈ സ്ഥാപനത്തോടൊപ്പം പത്രവായനാ മേശയുമുണ്ട്. ഇവിടെ ദീപികയടക്കം പ്രധാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരങ്ങളും സൗജന്യമായി വായിക്കാം. ലോട്ടറിയിൽനിന്നുള്ള വരുമാനം സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും ശ്രീമൻ നാരായണൻ വിനിയോഗിക്കുന്നുണ്ട്.