പറവൂർ (കൊച്ചി): ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു വിവാഹവാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള ആറ് യുവാക്കളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ആലുംപറന്പിൽ അജയ് (19), അണ്ടിപ്പിള്ളിക്കാവ് നടുവിലപറന്പിൽ ശരണ്‍ജിത് (21), പട്ടണം ആലുംപറന്പിൽ ആൽവിൻ (21), പൂയപ്പിള്ളി മാണിയാലിൽ എം.എസ്. പ്രവീണ്‍കുമാർ (ബേബി-32), നീണ്ടൂർ മഠത്തിപ്പറന്പിൽ അരുണ്‍ (21), കെടാമംഗലം കാഞ്ഞൂത്തറ രോഹിത് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇതിൽ ഷെറിൻകുമാർ സിപിഎം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗവും ടൈൽസ് പണി കരാറുകാരനുമാണ്. സദാചാരവിരുദ്ധ പ്രവർത്തിലേർപ്പെട്ട് അറസ്റ്റിലായ ഷെറിൻ കുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു നീക്കിയതായി ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് അറിയിച്ചു.
നീണ്ടൂർ സ്വദേശി അജയ് ആണ് ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഇയാൾ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി നഗ്നചിത്രങ്ങളും മറ്റും കൈക്കലാക്കി. പിന്നീടു സുഹൃത്തുക്കളുമായി രാത്രിയിൽ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പോലീസ് കേസ്.
പെണ്‍കുട്ടിയുടെ സ്വർണമാല പണയം വയ്ക്കാനാണെന്നു പറഞ്ഞു ശരണ്‍ജിത് വാങ്ങിയിരുന്നു. മാലയുടെ കാര്യം അന്വേഷിച്ചപ്പോൾ സുഹൃത്തിനു പണം വയ്ക്കാൻ നൽകിയതായി അറിയിച്ചു. വീട്ടുകാർ സ്കൂളിലെത്തി ഇക്കാര്യം അധ്യാപകരെ അറിയിച്ചു.
സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനകാര്യം പെൺകുട്ടി തുറന്നു പറഞ്ഞത്. തുടർന്നു സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോസ്കോ, സൈബർ കുറ്റ നിയമമനുസരിച്ചാണു പ്രതികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.