യഥാര്‍ത്ഥ കലാകാരന്മാരെ അംഗീകരിക്കാനും അവര്‍ക്ക് വേണ്ട അവസരങ്ങള്‍ നല്‍കാനും മടിയില്ലാത്തവരാണ് മലയാളികള്‍ എന്ന് ഇതിനോടകം നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന് ഉദാഹരണമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ഒരു ഗായികയ്ക്കാണ് ഇപ്പോള്‍ ഗംഭീര അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച കലാകാരന് നാദിര്‍ഷായുടെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരമാണ് ഈ ഗായികയെത്തേടിയെത്തിയത്.
‘വിജനതയില്‍..’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ ശാന്ത ബാബു എന്ന സ്ത്രീയെ തേടിയാണ് ഇപ്പോള്‍ അവസരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജോലിസ്ഥലത്തിരുന്ന് പാടിയ ശാന്തയുടെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
വളരെ മനോഹരമായ ഇവരുടെ സംഗീതം കേട്ട നാദിര്‍ഷാ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്ത്. അതോടൊപ്പം തന്റെ അടുത്ത സിനിമയില്‍ ഈ ഗായികയെക്കൊണ്ട് പാടിക്കാന്‍ താത്പര്യമുണ്ടെന്നും നാദിര്‍ഷാ കുറിച്ചു. നാദിര്‍ഷായുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി രംഗത്തെത്തിയത്.
അതേസമയം മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന പാട്ടും ഇവര്‍ പാടിയിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നിരവധി പേരാണ് ശാന്തയുടെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയുടെ സംഗീത സംവിധായകന് കൈലാസ് മേനോനും ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ശാന്തയുടെ ആലാപനത്തിന് ലഭിക്കുന്നത്.