കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ആർ.ജെ. നഡ്കരിയുടെ നേതൃത്വത്തിൽ തരംഗിണി കപ്പലിനെ സ്വീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ 10നു കൊച്ചിയിൽനിന്നു പുറപ്പെട്ട കപ്പൽ ഏഴു മാസത്തെ ലോക പര്യടനത്തിനുശേഷമാണു മടങ്ങിയെത്തിയിരിക്കുന്നത്. ഓഫീസർ ട്രെയിനികളായ നാവികർക്കു ദീർഘ ദൂരകപ്പലോട്ട പരിശീലനം നൽകുന്ന പായ്ക്കപ്പലാണു തരംഗിണി.
യാത്രയുടെ ഭാഗമായി നോർവേയിൽ നാവികരെ ആദരിക്കുന്ന ചടങ്ങിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും നോർവേയിലും നടന്ന രാജ്യാന്തര പായ്ക്കപ്പലോട്ട മത്സരങ്ങളിലും തരംഗിണി പങ്കെടുത്തു. പതിമൂന്നു രാജ്യങ്ങളിലെ 15 തുറമുഖങ്ങൾ യാത്രയോടനുബന്ധിച്ചു സന്ദർശിച്ചു.
കമാണ്ടർ രാഹുൽ മേത്തയുടെ നേതൃത്വത്തിൽ ഒന്പത് ഓഫീസർമാരും 43 നാവികരുമായിരുന്നു തരംഗിണിയിലുണ്ടായിരുന്നത്. ഒരേസമയം മുപ്പത് ഓഫീസർ ട്രെയിനികൾക്കു കപ്പലിൽ പരിശീലനം നൽകാനാകും. ഏഴു മാസംകൊണ്ടു 2,22,000 നോട്ടിക്കൽ മൈൽ ദൂരമാണു തരംഗിണി യാത്ര ചെയ്തത്.
അറബിക്കടൽ, റെഡി സീ, സീയൂസ് കനാൽ, മെഡിറ്ററേനിയൻ കടൽ, ജിബ്രാൾ കടലിടുക്ക്, നോർത്ത് അറ്റ്ലാന്റിക് കടൽ എന്നിവിടങ്ങളിലും കപ്പൽ സന്ദർശനം നടത്തി. വിവിധ രാജ്യങ്ങളിലെ നാവിക ഉദ്യോഗസ്ഥരായി നടന്ന കൂടിക്കാഴ്ച്ചകളിൽ ഇന്ത്യൻ നാവികർ പങ്കെടുത്തു. 1997ൽ കമ്മീഷൻ തരംഗിണി 20 തവണ ലോകപര്യടനം നടത്തിയിട്ടുണ്ട്.