പൊന്‍കുന്നം: ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി തുടങ്ങിയിരിക്കുന്നത്. പിന്നീട് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ പരിശോധനയും നിയമനടപടികളുമുണ്ടാവും.
ശബരിമല സീസണ് കാലത്ത് വഴിയോരത്ത് താത്കാലിക കടകള്‍ പെരുകാറുണ്ട്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇത്തരം കടകളില്‍ ആഹാരസാധനങ്ങള്‍ തയാറാക്കുന്നതും വില്‍ക്കുന്നതും. ഇവരെല്ലാം ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിതരാവുന്നതോടെ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കേണ്ടി വരും.
2012ലാണ് നിയമം പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍, ഇന്നേവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് വകുപ്പിന്.
പലചരക്കുകട, ബേക്കറി, ചായക്കട, പഴം പച്ചക്കറി കട, മത്സ്യമാംസ വില്‍പ്പനശാല, റേഷന്‍കട, വഴിയോര കച്ചവടം, തട്ടുകടകള്‍, പാല് സൊസൈറ്റികള്‍ തുടങ്ങിയവയ്ക്കെല്ലാം രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്.
കള്ളുഷാപ്പുകൾക്കും ലൈസന്‍സ് വേണം. കടകളില്‍ പലഹാരങ്ങള്‍ തയാറാക്കി നല്കുന്ന സ്ഥാപനങ്ങളും വീട്ടുകാരും നിയമത്തിന്റെ പരിധിയില്‍ വരും. ലൈസന്‍സ് എടുക്കാന്‍ തിരിച്ചറിയല്‍ രേഖയും ഭക്ഷ്യസാധനങ്ങള്‍ തയാറാക്കുകയോ വില്ക്കുകയോ ചെയ്യുന്നയാള്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഒന്നുമില്ലാത്ത ആളാണെന്ന മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയുടെ എല്ലാ മേഖലയിലും രജിസ്ട്രേഷന് ക്യാമ്പ് നടത്തുന്നുണ്ട്. കൂടാതെ അക്ഷയകേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്യാൻ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.