പേരൂര്‍ക്കട: സഹോദരിയുടെ വിവാഹം നടക്കുന്നതിനിടെ മണ്ഡപത്തില്‍ നിന്ന് കാറുമെടുത്ത് അപ്രത്യക്ഷനായ യുവാവ് ചെന്നുപെട്ടത് ക്വട്ടേഷന്‍ സംഘത്തില്‍. നാലാഞ്ചിറ സ്വദേശി ഉണ്ണിക്കുട്ടന് (24) ആണ് കഴിഞ്ഞദിവസം വാളും മറ്റുള്ള ആയുധങ്ങളുമായി പേരൂര്‍ക്കട തങ്കമ്മാ സ്റ്റേഡിയത്തിനു സമീപം പോലീസ് പിടിയിലാകുന്നത്.
ഇയാള്‍ക്കൊപ്പം മൂന്നു പേര്‍കൂടി പിടിയിലായിരുന്നു. നാലാഞ്ചിറയിലെ ഒരു വിവാഹമണ്ഡപത്തില്‍ സഹോദരിയുടെ വിവാഹശേഷം അപ്രത്യക്ഷനായ യുവാവിനെ പലസ്ഥലത്തുവച്ചും കാറുള്‍പ്പെടെ പോലീസ് കണ്ടെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.
കാറുമായി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയി എങ്കിലും എവിടെയാണെന്ന് അറിയാത്തതിനാല്‍ രക്ഷിതാക്കള്‍ മകനെ കാണാനില്ലെന്നു മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ചെറുവയ്ക്കല്‍ സ്വദേശിയും ഡെക്കറേഷന് തൊഴിലാളിയുമായ രാഹുലിനെ ദിവസങ്ങള്‍ക്കുമുമ്പ് വീടിനു സമീപത്തുവച്ച് ആക്രമിച്ചവര്‍ക്കു തിരിച്ചടി നല്കാന് ഒരു ഗുണ്ടാത്തലവന് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘത്തിനൊപ്പം ചേരുകയും തങ്കമ്മാ സ്റ്റേഡിയത്തിനു സമീപം ആയുധങ്ങളുമായി പേരൂര്‍ക്കട പോലീസിന്റെ പിടിയിലാകുന്നതും.
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍, വാഴക്കുല മോഷണവുമായി ബന്ധപ്പെട്ട് ഒരുസംഘത്തെ മണ്ണന്തല പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈസംഘത്തില്‍ ഉണ്ണിക്കുട്ടന് ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ പിടികൂടുന്നതിനുമുമ്പുതന്നെ ഇയാള്‍ കാറുമായി സ്ഥലം വിടുകയായിരുന്നു.
ഉണ്ണിക്കുട്ടന് കഞ്ചാവിന് അടിപ്പെട്ടയാളാണെന്നും ഇയാളുടെ ജീവിതരീതിയെക്കുറിച്ചും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിയില്ലെന്നുമാണ് മണ്ണന്തല പോലീസ് പറയുന്നത്. ഇയാള്‍ റിമാന്‍ഡിലാണ്.