കാസർഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഭാര്യയേയും കാമുകനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ഇന്ന് ഹാജരാക്കാൻ ഉത്തരവിട്ടു.
മൊഗ്രാൽ-പുത്തൂർ ബെള്ളീർ തൗഫീഖ് മൻസിലിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ സക്കീന (36), കാമുകൻ മുളിയാർ ആലനടുക്കം സ്വദേശി എൻ.എ.ഉമ്മർ (41) എന്നിവരെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്പി ജയ്സണ് കെ. ഏബ്രഹാമാണ് കോടതിയിൽ അപേക്ഷ നൽകിയത്. 2012 മാർച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലപാതകം നടന്നത്.
ബേവിഞ്ച സ്റ്റാർ നഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടയിൽ ഉമ്മറിന്റെ പ്രേരണ പ്രകാരം സക്കീന ഭർത്താവായ മുഹമ്മദ് കുഞ്ഞിയെ കഴുത്തിൽ ഷാളിട്ട് ജനൽ കന്പിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏതാനും ദിവസം മുന്പാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.