തിരുവനന്തപുരം: മണ്‍വിളയിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി ഏഴോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു (18), ഗിരീഷ് (21) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് കരുതുന്നത്.
ഫാമിലി പ്ലാസ്റ്റിക്കിന് മണ്‍വിളയിലുള്ള മൂന്നു യൂണിറ്റുകളിൽ ഒന്നിലാണ് തീപിടിച്ചത്. രാത്രി ഷിഫ്റ്റിലേയ്ക്ക് 200 ഓളം തൊഴിലാളികൾ വന്നിരുന്നുവെന്നും ഗോഡൗണിൽ തീപിടിച്ചയുടൻ അവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയെന്നും പറയുന്നു.
പരിസര പ്രദേശങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ തീ പടർന്നു പിടിച്ചതോടെ ചിതറിയോടി. ഫാക്ടറിക്കു സമീപമുള്ള വീടുകളിലും മറ്റു കന്പനികളിൽ നിന്നുമുള്ള ആളുകളെ ജില്ലാ കളക്ടറുടെ നിർദേശത്തെത്തുടർന്നു പോലിസ് ദൂരെസ്ഥലങ്ങളിലേക്കു മാറ്റി. ഈ ഭാഗത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
മൂന്നുനിലയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ താഴത്തെ നിലയിലുള്ള യന്ത്രങ്ങളും മറ്റു നിലകളിൽ സൂക്ഷിച്ചിരുന്ന നിർമാണസാമഗ്രികളും നിർമാണം പൂർത്തിയാക്കിയ പ്ലാസ്റ്റിക് ഉത്പന്നങ്ങളും തീപിടുത്തത്തിന്റെ ആരംഭത്തിൽത്തന്നെ കത്തിനശിച്ചു.
ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി. തീപിടുത്തമുണ്ടായി നാലുമണിക്കൂറിനു ശേഷവും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. രാത്രി വൈകിയും കെട്ടിടത്തിനു ചുറ്റും നിന്നും തീയും വിഷപ്പുകയും ആകാശത്തേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 29ന് ഇവിടെ ഷോർട്ട് സർക്യൂട്ട് മൂലം മൂന്നാം നിലയിൽ ചെറിയ തീ പിടുത്തമുണ്ടായിരുന്നു. എന്നാൽ ഉടൻതന്നെ തീയണച്ചു. അന്ന് അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്.