ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി 10000 റണ്‍സ് എന്ന നേട്ടത്തിനരികെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. വെസ്റ്റ്ഇൻഡീസിനെതിരായ കാര്യവട്ടം ഏകദിനത്തിൽ കളിക്കാനിറങ്ങുന്ന ധോണിക്ക് ഒരു റണ്‍ കൂടി മാത്രമാണ് 10000 റണ്‍സ് പൂർത്തിയാക്കാൻ വേണ്ടത്. വ്യാഴാഴ്ച ഒരു റണ്‍ നേടാനായാൽ 10000 റണ്‍സ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ഇന്ത്യൻ കളിക്കാരനും 13-മത് ലോകതാരവുമാകും മുപ്പത്തേഴുകാരനായ ധോണി.
50 ഓവർ ഫോർമാറ്റിൽ ധോണി ഇതേവരെ 10173 റണ്‍സ് അടിച്ചൂകൂട്ടിയിട്ടുണ്ടെങ്കിലും ഇതിൽ 174 റണ്‍സ് ഏഷ്യൻ ഇലവനുവേണ്ടിയാണു നേടിയത്. ഒരു റണ്‍ നേടാനായാൽ 10000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്ന നേട്ടം ധോണിയുടെ പേരിലാകും. 10000 ക്ലബ്ബിൽ ഇടംപിടിച്ചിട്ടുള്ള പാക്കിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖും ലോവർ മിഡിൽ ഓർഡറിൽ കളിച്ചിട്ടുണ്ടെങ്കിലും ഏകദിന കരിയറിലെ 62 തശതമാനം റണ്‍സും നേടിയത് ടോപ് ഓർഡർ ബാറ്റ്സ്മാനായാണ്. ധോണി കളിച്ച 280 ഇന്നിംഗ്സുകളിൽ 47 എണ്ണത്തിൽ മാത്രമാണ് അദ്ദേഹം ടോപ് ഓർഡറിൽ കളിക്കാനിറങ്ങിയത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഈ പരന്പരയ്ക്കിടെ ഏകദിനത്തിൽ 10000 റണ്‍സ് എന്ന നേട്ടം പൂർത്തിയാക്കിയിരുന്നു. 205 ഇന്നിംഗ്സുകളിൽനിന്ന് നേട്ടത്തിലെത്തിയ കോഹ്ലി, ഈ നേട്ടം അതിവേഗത്തിൽ സ്വന്തമാക്കുന്ന താരമായി. സച്ചിൻ തെണ്ടുൽക്കറെ പിന്നിലാക്കിയാണ് കോഹ്ലിയുടെ കുതിപ്പ്.