തിരുവനന്തപുരം: സംസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തി മണ്‍വിളയിൽ പ്ലാസ്റ്റിക് നിർമാണ ശാലയിലുണ്ടായ തീ നിയന്ത്രണവിധേയം. അഗ്നിബാധയിൽ ആശങ്കയൊഴിഞ്ഞതായി സംഭവസ്ഥലത്തുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അഗ്നിശമന സേനയുടെ അന്‍പതിലധികം വാഹനങ്ങൾ തീ പൂർണമായി കെടുത്താൻ പ്രയത്നിക്കുകയാണ്. കെട്ടിടം പൂർണമായി കത്തിനശിച്ചു. തമിഴ്നാട്ടിൽനിന്നുള്ള രണ്ടു യൂണിറ്റ് ഫയർഫോഴ്സും എയർഫോഴ്സിന്റെ ഫയർഫോഴ്സ് യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
ബുധനാഴ്ച രാത്രി ഏഴോടെയാണ് തീപിടിത്തം ആരംഭിച്ചത്. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമാണു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂർ പ്രയത്നിക്കേണ്ടിവന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കത്തി വൻതോതിൽ വിഷപ്പുക പടർന്നതിനാൽ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിർമാണ യൂണിറ്റും ഗോഡൗണും ചേർന്നു പ്രവർത്തിക്കുന്നതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു.