കൊല്ലം: ചെറിയഴീക്കൽ ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ സേവ് ആലപ്പാട്-സ്റ്റോപ്പ് മൈനിംഗ് എന്ന മുദ്രാവാക്യം ഉയർത്തി ഇന്നുമുതൽ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം അരങ്ങേറും.സമരം ഇന്നും വൈകുന്നേരം നാലിന് പ്ലാച്ചിമട സമര നായകൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികളായ കെ.ചന്ദ്രദാസ്, ഇ.മോഹനൻ പൂവളിക്കൽ, രോഹിണി സനിൽ, അനീഷ സുനിൽകുമാർ, ജിജീഷ് മകുന്ദൻ എന്നിവർ പറഞ്ഞു.
ആലപ്പാട്പഞ്ചായത്ത് പ്രദേശം 1995-ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ ഐആർഇ, കെഎംഎംഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ബാക്കി 20,000 ഏക്കറോളം ഭൂമി കടലിൽ വിലയം പ്രാപിച്ചു.
പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് മെഷീനറികൾ ഉപയോഗിച്ച് സിആർഇസഡ് നിയമം പോലും പാലിക്കാതെ കരിമണൽ കുഴിച്ചെടുക്കുന്പോൾ പ്രദേശത്തെ മുഴുവൻ കടൽത്തീരവും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും ഇടിച്ചുനിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം.
പ്രദേശത്ത് മൂന്ന് കൃഷിവരെ നടത്തിയിരുന്ന മുക്കുംപുഴ, പനക്കട പാടങ്ങളും കടലിൽ നഷ്ടമായി. നാട്ടുകാരുടെ ഭൂസ്വത്തുകൾ ഭൂരിഭാഗവും കടലാസിൽ മാത്രമായി. ഓരോ സർവേ കഴിയുന്പോഴും റവന്യൂ രേഖകളിൽ നിന്ന് ഇവ നീക്കം ചെയ്യപ്പെടുകയാണ്.കന്പനികളിൽ നിന്ന് പുറന്തള്ളുന്ന രാസമാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യസന്പത്തിനെയും നശിപ്പിക്കുന്നു.
കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവികളുടെ പ്രജനന മേഖലകൂടി ഖനനം മൂലം തകർക്കപ്പെടുകയാണെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് കന്പനികൾ ഖനനം നടത്തുന്നത്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനാനുവാദം നൽകുകയാണ്.
ഖനനവുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് പോലും നീതിപൂർവം നടക്കുന്നില്ല. ആലപ്പാട് പഞ്ചായത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിൽ താഴെയായി ചുരുങ്ങി.കായലിനും കടലിനും നടുവിൽ ഒരു വരന്പ് പോലെ സ്ഥിതിചെയ്യുന്ന പ്രദേശം ഒരു ബഫർ സോണാണ്. ഇത് നശിച്ചാൽ കേരളം വീണ്ടുമൊരു പ്രളയത്തിന് സാക്ഷ്യം വഹിച്ചേക്കും. ഈ സാഹചര്യത്തിലാണ് സമിതി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി.