വരന്തരപ്പിള്ളി: കെട്ടിട നിർമാണത്തിന്റെ മറവിൽ ദിവസങ്ങളായി കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ നിർത്തിവപ്പിച്ചു. വൻതോതിൽ മണ്ണെടുത്ത് കടത്തിയിട്ടും അധികൃതർ നടപടിയെടുക്കാതായതോടെയാണ് നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞത്.
മണ്ണുമായി പോയിരുന്ന ടിപ്പർ ലോറികൾ നാട്ടുകാർ പലയിടങ്ങളിലായുകയായിരുന്നു. സംഘർഷാവസ്ഥ മുന്നിൽ കണ്ട് വരന്തരപ്പിള്ളി പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്ന് മണ്ണെടുപ്പ് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ഉമ്മറിന്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങൾ സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്താൻ നിർദേശിക്കുകയായിരുന്നു. അടുത്ത ദിവസം ജിയോളജിസ്റ്റ് സ്ഥലം പരിശോധിച്ചതിനു ശേഷം മണ്ണെടുപ്പ് നടത്തിയാൽ മതിയെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.
വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുന്പ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.എന്നാൽ സ്ഥലമുടമ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ പിൻവലിക്കുകയായിരുന്നു.
ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്ത് മണ്ണെടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും,സ്ഥലം സന്ദർശിക്കാതെ മണ്ണെടുക്കാൻ ഉത്തരവ് നൽകിയതിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് നാട്ടുകാർ ആർഡിഒക്ക് പരാതി നൽകിയിരുന്നു.