കോഴിക്കോട്: സ്പ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി പ്രളയബാധിതര്‍ക്ക് നല്കുന്ന സൗജന്യകിറ്റുകളില് നിന്നും എപിഎല്‍ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തം. പ്രളയാനന്തരം വീടുകളില്‍ വെള്ളം കയറിയവര്ക്കുനല്കുന്ന സൗജന്യകിറ്റില്‍ വേര്‍തിരിവ് കാണിച്ചത് ശരിയായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
അതേസമയം സര്‍ക്കാര്‍ അടിയന്തരധനസഹായമായ പതിനായിരം രൂപ ലഭിച്ചവര്‍ക്ക് സൗജന്യ കിറ്റ് നല്‍കുമെന്ന അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേരാണ് റേഷന്‍ കാര്‍ഡുകളുമായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്. എന്നാല്‍ ഉത്തരവിലെ അവ്യക്തതമൂലം പലരും വില്ലേജ് ഓഫീസുകളില്‍ എത്തിയശേഷമാണ് എപിഎല്വിഭാഗങ്ങള്ക്ക് കിറ്റില്ലെന്ന് വിവരമറിയുന്നത്.
എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും വിധവകളുടെപേരിലാണ് റേഷന്‍ കാര്‍ഡ് എങ്കില്‍ സൗജന്യകിറ്റ് ലഭിക്കും. ഇൗ രീതിയില്‍ പലകുടുംബങ്ങള്‍ക്കും കിറ്റ് ലഭിച്ചതും ആശയകുഴപ്പത്തിനിടയാക്കി. നവംബര്‍ -ഡിസംബര്‍ മാസങ്ങളിലെ ടോക്കണ്‍ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്.
വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ സ്പ്ലൈക്കോ ഔട്ട്ലെറ്റില് നല്കിയാല് 500 രൂപ വിലയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ ലഭിക്കും. സൗജന്യ കിറ്റ് വിതരണത്തില്‍ വിവേചനം തുടരുന്നതിനൊപ്പം തന്നെ അടിയന്തരസഹായധനമായ പതിനായിരം രൂപ ലഭിക്കാത്തവരും പ്രതിഷേധത്തിലാണ്. പലര്‍ക്കും ആദ്യഘഡുമാത്രമാണ് ലഭിച്ചത്.
ഒരാഴ്ച്ചയ്ക്കകം രണ്ടാംഘഡുവിതരം പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ധനസാഹയവിതരണത്തിലെ മെല്ലെപ്പോക്കുമൂലം മറ്റ് ആനുകൂല്യങ്ങളില്‍ നിന്നും തങ്ങള്‍ ഒഴിവാക്കപ്പെടുമോ എന്ന ഭീതിയിലാണ് പ്രളയബാധിതര്‍ .