സ്വന്തംലേഖകന്‍
കോഴിക്കോട് : കേരള പോലീസിന്റെ മുഖമുദ്രയായിരുന്ന ക്രൈംബ്രാഞ്ച് സിബിസിഐഡി വിഭാഗം ഇനി ഓര്മ. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്ക്ക് ചുമതല നല്കി പുനഃസംഘടിപ്പിച്ചു.
ഇന്നു മുതല്‍ സിബിസിഐഡി വിഭാഗം എന്നറിയപ്പെട്ടിരുന്നത് ക്രൈംബ്രാഞ്ച് എന്ന് മാത്രമായി ചുരങ്ങും. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം (ഇഒഡബ്യു), ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (മാരകമായി മുറിവേല്‍പ്പിക്കലും കൊലപാതകവുമുള്‍പ്പെടെയുള്ള കേസുകള്‍ -എച്ച്എച്ച്ഡബ്ല്യു), സംഘടിത കുറ്റാന്വേഷണ വിഭാഗം (ഒസിഡബ്ല്യു) എന്നീ മൂന്നുവിഭാഗങ്ങളും ഇന്നു മുതല്‍ ഇല്ലാതായി. പകരം ഒരു എസ്പിയുടെ കീഴില്‍ ഓരോ ജില്ലയിലേയും
മുഴുവന്‍ കേസുകളും വിഭജിക്കാതെ തന്നെ അന്വേഷിക്കും. അതേസമയം, പുന:സംഘടിപ്പിച്ചെങ്കിലും കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ട്. കോഴിക്കോട് എസ്പിക്ക് വയനാടിന്റേയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്റേയും ചുതമല കൂടിയുണ്ട്. മറ്റു ജില്ലകളിലെല്ലാം അതത് എസ്പിമാരുടെ കീഴില്‍ തന്നെ അന്വേഷണം നടക്കും. ജില്ലാ അടിസ്ഥാനത്തില്‍ ചുമതല മാറുമ്പോള്‍ കേസന്വേഷിക്കുന്ന ഡിവൈഎസ്പിമാരും സിഐമാരും മാറും. അതത് ജില്ലകളില്‍ നിയമനം നല്കിയവരായിരിക്കും കേസുകള്‍ അന്വേഷിക്കുന്നത്.
ഈ മാസം ആദ്യമാണ് മന്ത്രിസഭ ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. അന്നു മുതല്‍ തന്നെ കോഴിക്കോടുള്‍പ്പെടെയുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനങ്ങളില്‍ കേസുകള്‍ ഓരോ ജില്ലാ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
കേസ് ഫയലുകളെല്ലാം അതത് ജില്ലകളിലേക്ക് ഇതിനം തന്നെ കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ എ. ഹേമചന്ദ്രന് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസന്വേഷണത്തിന്റെ കാലതാമസവും കുത്തഴിഞ്ഞു കിടക്കുന്ന ക്രൈംബ്രാഞ്ചിനെ ശരിയായ രീതിയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു ഹേമചന്ദ്രന് പുന:സംഘടിപ്പിക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കൂടാതെ കേസുകള്ക്കനുസരിച്ചുള്ള സേനാംഗങ്ങളുടെ കുറവും ക്രൈംബ്രാഞ്ചിനെ ബാധിച്ചിരുന്നു. ഓരോ വര്‍ഷവും 700-800 കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ മൂന്നു വിഭാഗങ്ങളിലുമായി അന്വേഷണത്തിനെത്തുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കണമെന്ന് ഹേമചന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നതില്‍ ഒരു വര്‍ഷമാണ് കാലതാമസമുണ്ടായത്.
ഒരു കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം (ഇഒഡബ്യു), ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡബ്ല്യു), സംഘടിത കുറ്റാന്വേഷണ വിഭാഗം (ഒസിഡബ്ല്യു) എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു എസ്പിമാരായിരുന്നുള്ളത്.
ഈ ജോലികള്‍ ഒരു എസ്പിയ്ക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഒരു ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പിയ്ക്ക് മറ്റു ജില്ലകളുടെ ചുമതല കൂടി നല്‍കുന്നതും അന്വേഷണങ്ങളെ സാരമായി ബാധിക്കാറുണ്ട്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ ചുമതല നല്‍കാതെ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്ക്ക് ചുമതല നല്‍കണമെന്ന് ഹേമചന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അത് നടപ്പാക്കുകയും ചെയ്തത്.
പുന:സംഘടിപ്പിച്ചെങ്കിലും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ക്രൈംബ്രാഞ്ച് സിബിസിഐഡി വിഭാഗം എന്ന് തന്നെയാണുള്ളത്. മൂന്നു വിഭാഗങ്ങളും പ്രത്യേകമായി തന്നെ വെബ്സൈറ്റില്‍ പ്രതിബാധിച്ചിട്ടുണ്ട്.