നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്വര്‍ണ സമ്മാനം! ഇഷ്ടതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ഒരുക്കുന്ന സമ്മാനം ശ്രദ്ധയാകര്‍ഷിക്കുന്നു

ബിഗ്‌സ്‌ക്രീനിലെ തങ്ങളുടെ ഇഷ്ട താരങ്ങളുടെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കുന്ന പ്രവണത അടുത്തിടെയായി കേരളത്തില്‍ വളരെയധികം കണ്ടു വരുന്നുണ്ട്. ഇഷ്ടതാരങ്ങളുടെ പിറന്നാളിന് സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നവരുമുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്ഥരാവുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ ആരാധകര്‍.

താരത്തിന്റെ പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന്‍ ലൗവേഴ്‌സ് നല്‍കുന്നത്.

കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടനയാണ് ചാക്കോച്ചന്‍ ലൗവേഴ്സ്. ‘ഈ വര്‍ഷം ചാക്കോച്ചന്റെ പിറന്നാള്‍ എങ്ങനെ കൂടുതല്‍ സന്തോഷകരമായി നടത്താം എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു പരിപാടി തീരുമാനിക്കപ്പെട്ടത്.

പതിവ് പോലെ രക്ത ദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദര്‍ശനം എന്നീ പരിപാടികള്‍ക്കു പുറമെയാണ് ചാക്കോച്ചന്‍ ജനിച്ച ദിവസം ആയ നവംബര്‍ 2ന് കേരളത്തില്‍ അങ്ങോളം ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനയ്ക്കും ഒരു സ്വര്‍ണസമ്മാനം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.

Related posts