നേമം(തിരുവനന്തപുരം): മേലാംകോട് എൻ.എസ്.എസ്.കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. സംഭവം ഇന്ന് പുലർച്ചെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയുടെ സൺഷേഡിൽ സ്ഥാപിച്ചിട്ടുളള ചട്ടമ്പിസ്വാമികളുടെ പ്രതിമ സൂക്ഷിച്ച കണ്ണാടി കൂടിന്റെ ചില്ല് എറിഞ്ഞ് ഉടച്ച അക്രമികൾ കൊടിമരം പിഴുത് കൊണ്ടുപോവുകയും ചെയ്തു.
ഇതു കൂടാതെ പ്രതിമയുടെ സമീപത്ത് സൺ ഷെയ്ഡിൽ തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ ഒരു റീത്തും വച്ചിട്ടുണ്ട്. തുടർന്ന് നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ശബരിമല വിഷയത്തിൽ കരയോഗം നാമജപ പ്രാർഥന സംഘടിപ്പിച്ചതിന്റെ അടുത്ത ദിവസമാണ് ആക്രമണം നടന്നത്.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, മേഖല കൺവീനർ എം.കാർത്തികേയൻ നായർ, നടുവത്ത് വിജയ്, കൗൺസിലർമാരായ എം.ആർ.ഗോപൻ, പാപ്പനംകോട് സജി എന്നിവർ സ്ഥലം സന്ദർശിച്ചു. സംസ്ഥാനത്ത് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തുകയും, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുകയും ചെയ്യുന്ന എൻ.എസ്.എസിനെതിരെ ഇത്തരത്തിൽ അക്രമം നടന്നത് തികച്ചും പ്രതിഷേധാർഹവും, അപലപനീയവുമാണെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് പറഞ്ഞു.
കരയോഗ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കാരയ്ക്കാമണ്ഡപം മുതൽ മേലാംകോട് എൻ.എസ്.എസ് മന്ദിരം വരെ ജാഥയും യോഗവും നടത്തും.