തിരുവനന്തപുരം: മുൻ നായകൻ എം.എസ്.ധോണിയെ ഇന്ത്യയുടെ ട്വന്റി 20 സ്ക്വാഡിൽനിന്നു പുറത്താക്കിയതിൽ മൗനം വെടിഞ്ഞ് നായകൻ വിരാട് കോഹ്ലി. റിഷഭ് പന്തിനു കൂടുതൽ അവസരം ലഭിക്കുന്നതിനും അനുഭവസന്പത്ത് ലഭിക്കുന്നതിനും വേണ്ടിയാണ് ധോണിയെ ഒഴിവാക്കിയതെന്ന് കാര്യവട്ടം ഏകദിനത്തിനുശേഷം മാധ്യമങ്ങളെ കാണവെ കോഹ്ലി പറഞ്ഞു.
ധോണിയെ ഒഴിവാക്കിയതു സംബന്ധിച്ച് സെലക്ടർമാർ പറഞ്ഞുകഴിഞ്ഞു. മറിച്ചാണെങ്കിൽ വിശദീകരണം നൽകേണ്ടത് അദ്ദേഹമാണ്. ഇവിടെ ഞാൻ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ കൂടുതൽ അർഥമില്ല. എന്താണ് സംഭവിച്ചതെന്നു സെലക്ടർമാർ വിശദീകരിക്കുമെന്നാണു ഞാൻ കരുതുന്നത്- കോഹ്ലി പറഞ്ഞു. ധോണി ഇപ്പോഴും ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമാണെന്നും ട്വന്റി 20 ഫോർമാറ്റിൽ പന്തിനു കൂടുതൽ അവസരം ആവശ്യമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
വെസ്റ്റ്ഇൻഡീസ്, ഓസ്ട്രേലിയ ട്വന്റി 20 പരന്പരയ്ക്കുള്ള ടീമിൽനിന്നു ധോണിയെ സെലക്ടർമാർ ഒഴിവാക്കിയിരുന്നു. പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ഭാവി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് വിശദീകരിച്ചത്.