തിരുവനന്തപുരം: ഇടുതു മുന്നണി സർക്കാർ സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സർക്കാരിന്റെ പ്രവർത്തനം നടക്കുന്നില്ല.സർക്കാർ ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്നുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സാലറി ചലഞ്ച് അല്ലാതെ പ്രളയ ബാധിതർക്ക് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പോലും എല്ലാവർക്കും നൽകാൻ സാധിച്ചില്ല. ദുരിത മേഖലയിലെ ആളുകളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ട് തട്ടിലാക്കി തമ്മിലടിപ്പിക്കുകയാണ് സർക്കാർ. സമ്മതപത്രത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. സാലറി ചലഞ്ച് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സമ്മതിച്ചില്ല. അവർ സുപ്രീംകോടതിയിൽ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പിറവി ദിനത്തിൽ ജീവനക്കാർക്ക് ശന്പളം കിട്ടാത്തത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. ശബരിമലയിൽ എങ്ങനെ ദർശനം നടത്തണമെന്നത് ഭക്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇതിൽ കൈകടത്താൻ സർക്കാരിന് സാധിക്കില്ല. സ്വതന്ത്രമായി ദർശനം നടത്താൻ ഭക്തർക്ക് അവകാശമുണ്ട്. ശബരിമലയിൽ സമാധാനമായി ദർശനം നടത്താൻ വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ മുന്നോരുക്കങ്ങൾ നടക്കുന്നില്ല. റോഡ് നിർമാണങ്ങൾക്ക് വേഗതയില്ലെന്നും സർക്കാർ ഉത്തരവാദിത്വം മറക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.