ഏറ്റുമാനൂർ: ചികിത്സാ ബില്ല് പൂഴ്ത്തിവച്ചുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ അകാരണമായി ജോലിയിൽനിന്നും വിട്ടുനിന്ന സംഭവത്തിൽ നഗരസഭാ ചെയർമാൻ വിശദീകരണം തേടി. ഇന്നലെ ചെയർമാൻ ജോയി ഉൗന്നുകല്ലേൽ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ തന്റെ അറിവോടെയല്ല ഒൻപത് പേർ ജോലിയിൽ പ്രവേശിക്കാതിരുന്നതെന്ന് സെക്രട്ടറി വൃജ യോഗത്തിൽ പറഞ്ഞു.
വൃജ ദിവസങ്ങൾക്കു മുന്‍പുതന്നെ കോടതിയിൽ പോകുവാൻ അനുവാദം വാങ്ങിയതായി ചെയർമാൻ ജോയി ഉൗന്നുകല്ലേൽ പറഞ്ഞു. എന്നാൽ വൃജ കോടതിയിൽ പോയതിനും മറ്റു തെളിവുകൾ ഉണ്ടെന്നും അറിയിച്ചു. ഇതോടെ ജോലിയിൽനിന്നും കഴിഞ്ഞദിവസം വിട്ടുനിന്ന മറ്റു ഒന്‍പതു പേരുടെ നില പരുങ്ങലിലാകും. സെക്രട്ടറിയുടെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഒന്‍പതു പേർക്കും നോട്ടീസ് നൽകാനും ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെടാനും ചെയർമാൻ നിർദ്ദേശിച്ചു.
സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും തമ്മിലുള്ള ശീതസമരമാണു ഇപ്പോൾ തുടരുന്നതെന്നും വിവിധ കൗണ്‍സിലർമാർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ടി.ഡി. ശോഭന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നൽകിയ ബില്ലുകൾ പാസാകുകയും തപാൽമാർഗം വന്ന 7,19,000 രൂപയുടെ ബില്ല് നഗരസഭ സെക്രട്ടറി കൈമാറാതെ വയ്ക്കുകയാണെന്നുമാണു പരാതി ഉയർന്നത്.