ശബരിമല: യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരും പ്രതിരോധിക്കാൻ സമരക്കാരും വീണ്ടും നിലപാടെടുത്തതോടെ ശബരിമലയിൽ വീണ്ടും സംഘർഷസാധ്യതയെന്ന് വിലയിരുത്തൽ. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് അഞ്ചിന് വൈകുന്നേരം അഞ്ചിനാണെങ്കിലും നാളെ മുതൽ ആറുവരെ ശബരിമലയിൽ അയ്യായിരം പോലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയത്തിലാക്കും. ആറിന് രാത്രി പത്തിനാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 29 മണിക്കൂർ നിർണായകമാകും.
തുലാംമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ മുൻനിർത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടുദിവസം മുന്പേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങുന്നത് ഒഴിവാക്കാൻ പോലീസ് ശ്രമിക്കും. എന്നാൽ എത്രയധികം പോലീസിനെ വിന്യസിച്ചാലും ഒരു യുവതിയെ പോലും സന്നിധാനത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ളവർ ഉറപ്പിച്ചു പറയുന്നത്.
തീർഥാടകരെ തടയാൻ നിലവിൽ പോലീസിന് സാധിക്കാത്ത സാഹചര്യത്തിൽ പോലീസിനെ മറികടക്കാൻ പ്രതിഷേധക്കാർ സംഘടിക്കുമെന്നതിലും സംശയം വേണ്ട. സ്ത്രീകളെ മുൻനിർത്തിയുള്ള പ്രതിഷേധത്തിനാണ് സാധ്യത കൂടുതൽ. ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനായുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ പോലീസ് സുരക്ഷാമേഖലയാക്കി. ഐജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. വർഷങ്ങളായി തീർഥാടന കാലത്തെ സുരക്ഷാ മേൽനോട്ടം വഹിച്ചുവരുന്നത് വിജയനാണ്. നിലയ്ക്കൽ മുതൽ പമ്പ വരെ ചുമതല ഐജി എം.ആർ. അജിത്കുമാറിനാണ്.
ഐജിമാർക്കൊപ്പം ഐപിഎസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്പിമാർക്കാണ് ചുമതല. 16ന് ആരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാൽ സുരക്ഷ നൽകുമെന്ന് പത്തനംതിട്ട പോലീസ് ചീഫ് ടി.നാരായണൻ പറഞ്ഞു.