പൊൻകുന്നം: പൊൻകുന്നത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മോഷണം പോയത് രണ്ടു ബൈക്കുകൾ. ജാഗ്രതയോടെയുള്ള അന്വേഷണത്തിൽ പോലീസ് പ്രതിയെ കുറഞ്ഞ സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കണ്ടുപിടിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി.. പ്രായപൂർത്തിയാകാത്ത ഒരു ചെറുക്കൻ.. പ്രായം വെറും പതിനേഴു വയസ്സ് .. ഇഷ്ട്ടപ്പെട്ട ബൈക്കുകൾ മോഷ്ടിക്കുന്നത് അവന്റെ ഹോബിയാണത്രെ.
പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.ഇനി ദുർഗുണപരിഹാര പാഠശാലയിൽ.മംഗളം കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ തോമസ് കുട്ടി കുളവട്ടത്തിന്റെ ബൈക്ക് ചൊവ്വാഴ്ചയും, പൊൻകുന്നം ഇൻസ്പെയർ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനായ ചിറക്കടവ് പാറക്കടവ് സ്വദേശി കെ.പി.അർജുന്റെ ബൈക്ക് ബുധനാഴ്ചയുമാണ് പ്രതി മോഷ്ടിച്ചത്.
ബുധനാഴ്ച വൈകിട്ട് കെ.വി.എം.എസ്.കവലയിൽ നിന്ന് അർജുന്റെ മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ ഏറ്റുമാനൂരിൽ വച്ച് വാഹനപരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. പാലപ്ര വില്ലൻചിറ സ്വദേശിയാണ് പ്രതി. ജുവനൈൽ കോടതിയിൽ ഹാജരാക്കി.വാഹനപരിശോധനക്കിടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇല്ലാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തെളിഞ്ഞത്.
തുടർന്ന് പൊൻകുന്നം പോലീസിന് പ്രതിയെ കൈമാറി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ചൊവ്വാഴ്ച പൊൻകുന്നം രാജേന്ദ്രമൈതാനത്ത് പാർക്ക് ചെയ്തിരുന്ന ചിറക്കടവ് കുളവട്ടം തോമസ്കുട്ടി കുളവട്ടത്തിന്റെ ബൈക്കും മോഷ്ടിച്ചത് ഇയാൾ തന്നെയാണെന്നു തെളിഞ്ഞു.
ചോറ്റി മാങ്ങാപ്പാറയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പ്രതി കാട്ടിക്കൊടുക്കുകയായിരുന്നു. ജില്ലാപോലീസ് മേധാവി എസ്.ഹരിശങ്കറുടെ നിർദേശാനുസരണം പൊൻകുന്നം സി.ഐ.കെ.ആർ.മോഹൻദാസ്, എസ്.ഐ. എ.സി.മനോജ്കുമാർ, എ.എസ്.ഐ. പി.എച്ച്.ഹാഷിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.