ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുകയാണ് നാട്ടിലെങ്ങും. പോലീസ് കേസും അറസ്റ്റും സജീവ ചര്‍ച്ചയാകുകയാണ്. മിക്ക ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നു. പോലീസിന് പിടിപ്പത് പണിയാണ്. കേസും അറസ്റ്റുമായി പോലീസ് ഫുള്‍ടൈം ബിസിയാണ്. ശബരിമലയിലേക്ക് വണ്ടികയറിയ യുവതികള്‍ക്ക് നാട്ടിലും സുരക്ഷയൊരുക്കിയതും നാമജപയാത്രതയില് പങ്കെടുത്തവരെ സസൂക്ഷ്മം നീരീക്ഷിച്ചും പോലീസ് പണിചെയ്യുമ്പോള്‍ ജില്ലയില്‍ ഉള്‍പ്പെടെ മറ്റ് കുറ്റകൃത്യങ്ങള്‍ തകൃതിയായി നടക്കുകയാണ്.
പോലീസിനുനേരെയുള്ള നേതാക്കളുടെ പരസ്യമായ വെല്ലുവിളിയും സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണവും അരങ്ങുതകര്‍ക്കുകയാണ്. ശബരിമലയില്‍ നവംബര്‍ അഞ്ചിന് എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ എല്ലാ ജില്ലകളിലും അതിന്റെ മാറ്റൊലികള്‍ ഉണ്ടാകും. അതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. പലയിടത്തും ഇപ്പോഴേ ആവശ്യത്തിന് പോലീസുകാരില്ല. ഈ സമയത്ത് മാര്‍ച്ചുകള്‍ക്കും മറ്റ് ഉപരോധങ്ങള്‍ക്കും കനത്ത സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കേരള പോലീസ്. ശബരിമലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സര്‍ക്കാരിനോട് യോജിച്ചും വിയോജിച്ചും സുരക്ഷ ഒരുക്കേണ്ടവര്‍ രണ്ടു തട്ടിലാണ്. ഇത് തുടര്‍നടപടികളെ എങ്ങിനെ സ്വധീനിക്കുമെന്ന് കണ്ടുതന്നെ അറിയണം. വിശ്വസിച്ചുപോരുന്ന രാഷ്ട്രീയവും ഭക്തിയും ഇടകലര്‍ന്നുള്ള മനസാണ് പലര്ക്കുമെന്നാണ് സേനയ്ക്കുള്ളില്‍ നിന്നുതന്നെയുള്ള വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും വൈകാരിക വിഷയമായതിനാല്‍ തന്നെ അത് തീരാകളങ്കമായി മാറിയേക്കാമെന്ന പേടി സിവില്‍ പോലീസ് ഓഫീസര്മാര്ക്കുവരെയുണ്ട്.
വെല്ലുവിളികള്‍ ഏറെ..
ശബരിമല നടതുറക്കുന്ന ദിവസം 5000 പോലീസിനെ നേരിടാന്‍ 10000 ഭക്തര്‍ അണിനിരക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. പോലീസാണോ ഭക്തരാണോ ജയിക്കുക എന്ന് കാണാമെന്നും ബിജെപി നേതാക്കള്‍ വെല്ലുവിളിക്കുന്നു.””പതിനായിരക്കണക്കിന് അമ്മമാര്‍ ശബരിമലയില്‍ നട തുറക്കുമ്പോള്‍ അവിടെ കാവലുണ്ടാവും. അറസ്റ്റ് ഭീഷണി വേണ്ട. ഭക്തരെ ജയിലിലടക്കാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ മാളികപ്പുറം അമ്മമാരെ കൊണ്ട് നിറയും”- എന്നിങ്ങനെയാണ് മുന്നറിയിപ്പുകള്‍.
ഓരോ ജില്ലകളിലും നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്കും ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും ഇതിനകം രൂപം നല്‍കിക്കഴിഞ്ഞു. പോലീസിന് ഏറ്റവും ഭീഷണിയാകാന്‍ പോകുന്നത് ഹൈന്ദവസംഘടനകളുടെ ഈ താക്കീതാണ്. അതേസമയം, ശബരിമലയില്‍ കര്‍ശന സുരക്ഷ ഒരുക്കുമ്പോള്‍ ഭക്തരുടെ ഇടത്താവളങ്ങളില്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.പലരും ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ എത്തി വിശ്രമിച്ചശേഷമാണ് ശബരിമലയിലേക്ക് യാത്രതിരിക്കുന്നത്. ഇവിടങ്ങളില്‍ എത്തി യുവതികളായ ഭക്തരെ പിന്തിരിപ്പിക്കാനും തടയാനുമുള്ള സാധ്യതയും നിലനില്ക്കുന്നു. ഇതോടൊപ്പം തട്ടിപ്പു-പിടിച്ചുപറിസംഘങ്ങളും സജീവമാകും. ഇതെല്ലാം തടയാനുള്ള ശേഷി നിലവിലെ പോലീസ് സേനയ്ക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
വനിതാപോലീസുകാര്ക്കും ആശങ്ക
സന്നിധാനത്തേക്ക് വിനിതാ പോലീസുകാരെ നിയോഗിക്കുന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. 500 വനിതാ പോലീസിനെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കാനായി തീരുമാനിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയില്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് പോവാമെന്നുമാണ് പറയുന്നത്. ഇതേ സ്ത്രീവിഭാഗമാണ് വനിതാ പോലീസിലുമുള്ളത്. ഇവര്‍ക്ക് വിശ്വാസത്തെ മാറ്റിനിര്‍ത്തി ജോലി ചെയ്യുകയെന്നത് മൗലികാവകാശ ലംഘനമാണെന്നാണ് ഉയരുന്ന വാദം. വിശ്വാസികളായ പല വനിതാ പോലീസുകാരും സന്നിധാനം ഡ്യൂട്ടിയ്ക്ക് തയാറാവാത്ത സ്ഥിതിയാണ്.
ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട് ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും വനിതാ പോലീസില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണറിയുന്നത്. സാധാരണ ശബരിമല സീസണില്‍ പമ്പയില്‍ വരെയാണ് വനിതാ പോലീസിനെ വിന്യസിപ്പിക്കാറുള്ളത്.
ഇതിനായി ഓരോ ജില്ലയില്‍നിന്നുള്ള ഷെഡ്യൂളുകളായി അയയ്ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യാന്‍ എല്ലാവരും സന്നദ്ധമാവാറുണ്ട്. എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സന്നിധാനത്തും വനിതാ പോലീസിനെ വിന്യസിപ്പിക്കാനാണ് തീരുമാനിച്ചത്.
കേസെടുത്ത് കുഴങ്ങി പോലീസ്
ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് േറാഡ് ഉപരോധിച്ചതിനും നാമജപയാത്രയുമായി ബന്ധപ്പെട്ടും സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും കണ്ടാലറിയാവുന്നവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസരത്ത് നടന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി എം.ടി.രമേശിനും കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരേയും കേസെടുത്തതാണ് അവസാനത്തേത്.
നാമജപയാത്രയുമായി ബന്ധപ്പെട്ട്ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പോലീസിന്റെ അറസ്റ്റ് നടപടി വിവാദമായതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. ഇക്കഴിഞ്ഞ 27 നാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് “”ഒരു വിഭാഗം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന്” വ്യക്തമാക്കി ഡിജിപി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അറസ്റ്റ് വേണ്ടെന്ന നിര്‍ദേശത്തിനു പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ഡിജിപിയുടെ നിര്‍ദേശത്തിനായാണ് പോലീസുകാര്‍ കാത്തിരിക്കുന്നത്. ഇതുവരേയും കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്. നാമജപയാത്രയില്‍ പങ്കെടുത്ത് പൊതുവഴി തടസപ്പെടുത്തുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് ഐപിസി 283-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികള്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
അറസ്റ്റ് രേഖപ്പെടുത്തിയവരുടെ തുടര്‍നടപടികള്‍ സംബന്ധിച്ചും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരപരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്ര നടത്തിയ സംഭവത്തില്‍ കോഴിക്കോട് സിറ്റിയില്‍ മാത്രം കണ്ടാലറിയാവുന്ന 2300 ലധികം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
കുറ്റകൃത്യങ്ങള്‍ ഇനിയും മലകയറും
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നിലവില്‍ കേരളമാണ് ഒന്നാം സ്ഥാനത്താണ്. ശബരിമലവിഷയം കൂടി എത്തുന്നതോടെ കേസുകളുടെയും കുറ്റ കൃത്യങ്ങളുടെയും എണ്ണം ഇനിയുംകൂടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇത് രാജ്യത്തിനുമുന്നില്‍ കേരളത്തിന്റെ യശസ്സിന് കോട്ടം തട്ടിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്നാണ് കണക്ക്. ഐപിസി കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഡല്‍ഹിക്കു പിന്നിലായി കൊച്ചി രണ്ടാമതും കോഴിക്കോട് പത്താമതും നില്ക്കുന്നു.രണ്ടര ശതമാനം വളര്‍ച്ചയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തുള്ളത്.