ചെറായി : പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോവിലകത്തും കടവ് വിബിൻ റോക്കി (26), സാം ആന്റണി (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലാകുന്പോൾ ഇവരുടെ പക്കൽ നിന്നും 10 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.
കഴിഞ്ഞമാസം 18നു കളമശേരി സ്വദേശിനിയായ ബാലികയെ പള്ളിപ്പുറത്തുളള ഒരു സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് വന്നാണ് രണ്ട് പേരും ചേർന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അതേ ദിവസം തന്നെ ഉച്ചസമയത്ത് മഞ്ഞുമാതാ ബസിലിക്കക്ക് സമീപമുള്ള ബോട്ട് യാർഡിൽ കൊണ്ട് വന്ന് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവും ബാലികയെ പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം വരാപ്പുഴ പാലത്തിൽ വെച്ച് ബാലികയെ ചിലർ പീഡിപ്പിക്കുന്നതായി കണ്ടെത്തി പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ബാലികയെ കാക്കനാട് നിർഭയയിൽ ആക്കുന്നതിനു മുന്പായി പോലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ നൽകിയ മൊഴിയിലാണ് പള്ളിപ്പുറത്ത് വെച്ച് മൂന്ന് പേർ പീഡിപ്പിച്ചതായി പോലീസിനോട് പറഞ്ഞത്.
തുടർന്ന് വരാപ്പുഴ പോലീസ് കേസ് മുനന്പം പോലീസിനു കൈമാറുകയായിരുന്നു. കേസ് എടുത്ത മുനന്പം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ മുനന്പം മാണി ബസാറിൽനിന്നു ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുനന്പം എസ്ഐ ടി.വി. ഷിബു, ഗ്രേഡ് എസ്ഐ അസീസ്, എഎസ്ഐ രാജീവ്, മനോജ്, സീനിയർ സിപിഒ ശിവരാജ്, സിപിഒ സുധി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.